KeralaNEWS

പണയത്തിലുള്ള ഭൂമി വില്‍ക്കാന്‍ശ്രമം; ഡി.ജി.പിക്കും കുടുംബത്തിനുമെതിരേ കോടതി വിധി, 10.8 സെന്റ് ജപ്തി ചെയ്തു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തി! ഭൂമി വില്‍ക്കാനായി 74 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്ത ശേഷം കരാര്‍ ലംഘിച്ചതിന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെയുള്ള കോടതിവിധി ചര്‍ച്ചകളില്‍ എത്തുകയാണ്. 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു. പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ.

ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു. ഇതു മുഖവിലയ്ക്കെടുത്താണ് കോടതി നടപടികള്‍. ഈ വിധിയോട് പോലീസ് സേനയില്‍ നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

Signature-ad

പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇതേ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉള്‍പ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാര്‍ മുഖേന കോടതിയെ സമീപിച്ചു. മേയ് 28ന് ആണു ഭൂമിയില്‍ ജപ്തി നോട്ടിസ് പതിച്ചത്. ഫലത്തില്‍ ഭൂമി വാങ്ങാന്‍ എത്തിയ ആളിനെ ചതിച്ചുവെന്നാണ് കേസ്. പണയവസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമാണ്. എന്നാല്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ മാത്രമാണ് പരാതിക്കാരന്‍ എടുത്തതെന്നാണ് സൂചന.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ കാലാവധി ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. ഇതോടെ ഒരു കൊല്ലം കൂടി പോലീസ് മേധാവി സ്ഥാനത്ത് ഷെയ്ഖ് ദര്‍വേശ് സാഹിബിന് തുടരാനാകും. പോലീസ് മേധാവിയായി ദര്‍വേശ് സാഹിബ് ഒരു കൊല്ലം മുമ്പാണ് ചുമതലയേറ്റത്. സംസ്ഥാന പോലീസിലെ തലവന് ഒരു കൊല്ലം കൂടി സര്‍വ്വീസ് ദീര്‍ഘിപ്പിക്കാന്‍ സുപ്രീംകോടതി വിധിപ്രകാരം സര്‍ക്കാരിന് കഴിയും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

മുന്‍പ് പോലീസ് മേധാവിയായിരുന്ന അനില്‍ കാന്തിന്റെ സര്‍വ്വീസ് കാലാവധിയും സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നീട്ടി നല്‍കിയിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാച്ചിലെ ഐപിഎസ് ഓഫീസറുമാണ് ഡോ ഷെയ്ഖ് ദര്‍വേശ് സാഹിബ്. കഴിഞ്ഞ ഒരു കൊല്ലവും വ്യക്തിപരമായ വിവാദങ്ങളിലൊന്നും കുടുങ്ങാത്ത ക്ലീന്‍ ഇമേജിനുടമയാണ് പോലീസ് മേധാവി. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കുന്നത്. കേരള കേഡറില്‍ എ എസ് പിയായി തുടങ്ങിയ അദ്ദേഹം ഗവര്‍ണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായിരുന്നു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അകാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് ഡയറക്ടറുമായി. സര്‍വ്വീസിലുടനീളം ക്ലീന്‍ ഇമേജാണ് പോലീസ് മേധാവിയുടെ മുഖമുദ്ര. അത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോള്‍ ഭൂമി വില്‍പ്പനക്കേസിലെ കോടതി തീരുമാനം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: