ന്യൂഡല്‍ഹി: ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ (ബി.എന്‍.എസ്.) പ്രകാരമുള്ള ആദ്യ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ ഒരു തെരുവു കച്ചവടക്കാരനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍. ബിഎന്‍എസ്എസ് സെക്ഷന്‍ 173 പ്രകാരമാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ഒരു ഫൂട് ഓവര്‍ ബ്രിഡ്ജിനു താഴെ കച്ചവടം നടത്തുകയായിരുന്ന ആള്‍ക്കെതിരെ വഴി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കച്ചവടക്കാരനെതിരെ കുറ്റച്ചാര്‍ത്ത് വരുന്നത്.
പുകയില ഉല്‍പ്പന്നങ്ങളും വെള്ളവുമെല്ലാം വില്‍ക്കുന്ന കച്ചവടക്കാരനെതിരെയാണ് കേസ്. ന്യൂഡല്‍ഹി രെയില്‍വേ സ്റ്റേഷനരികെയുള്ള കാല്‍നടപ്പാലത്തിന് താഴെയാണ് ഇയാള്‍ ഒരു ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്നത്. ഇത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നത് കണ്ടാണ് നടപടി. ഉന്തുവണ്ടി മാറ്റിയിടണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ അനുസരിച്ചില്ലെന്നാണ് പറയുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡ് നിയമസംഹിതകള്‍ നീക്കം ചെയ്ത് പുതിയ നിയമസംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിയമം നിലവില്‍ വന്നു. ഇനിയങ്ങോട്ട് ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസുകളെടുക്കുക. അതെസമയം ഇതുവരെ ഐപിസിയില്‍ രജിസ്റ്റര്‍ കേസുകള്‍ അതേ സംവിധാനത്തിന്‍കീഴില്‍ തുടരുമെന്നാണ് വിവരം. ജൂലൈ 1നു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും പൂര്‍ത്തീകരിക്കുക പഴയ നിയമസംഹിതകള്‍ പ്രകാരമായിരിക്കും.
ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയാണ് മാറ്റിയിരിക്കുന്നത്. ഇഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിതയും, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതിനെയെല്ലാം ചേര്‍ത്ത് ഭാരതീയ ന്യായ സംഹിത എന്ന് വിളിക്കുന്നു.
ബ്രിട്ടീഷുകാലത്തെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളും തെളിവു നിയമങ്ങളും ശിക്ഷാ നിയമങ്ങളുമെല്ലാം ആധുനികീകരിക്കുക എന്നതാണ് ലക്ഷ്യം.
ഭാരതീയ ന്യായ സംഹിതയില്‍ 21 പുതിയ കുറ്റങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ആകെ 258 സെക്ഷനുകളാണ് ബിഎന്‍എസ്സിനുള്ളത്. 41 കുറ്റകൃത്യങ്ങളില്‍ ശിക്ഷാ കാലാവധി നീട്ടി. 82 കുറ്റങ്ങള്‍ക്ക് പിഴത്തുകയും കൂട്ടിയിട്ടുണ്ട്. 25 കുറ്റങ്ങളുടെ മിനിമം ശിക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറ് കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു.
സെക്ഷന്‍ നമ്പരുകള്‍ ഇനിയെല്ലാം പുതിയതായിരിക്കും. ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമാണ്. എന്നാല്‍, പുതിയ നിയമത്തില്‍ ഈ നമ്പരില്‍ ഒരു വകുപ്പില്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിലാണ് വഞ്ചനാകുറ്റം വരിക. ഇങ്ങനെ മിക്ക വകുപ്പ് നമ്പരുകളും പുതിയതാണ്. രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസി 124-എ വകുപ്പ് ഇനി സെക്ഷന്‍ 150 ആയിരിക്കും.