KeralaNEWS

സ്റ്റാഫ് റൂമില്‍ ഉറക്കം, പഠിപ്പിക്കുന്നത് മനസിലാകുന്നില്ല; കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലംമാറ്റം

കോട്ടയം: കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

ഇംഗ്ലീഷ് അധ്യാപിക നീതു ജോസഫ്, ബോട്ടണി അധ്യാപിക വി.എം. രശ്മി, കോമേഴ്‌സ് അധ്യാപിക ടി.ആര്‍, മഞ്ജു, ഹിന്ദി അധ്യാപിക എ.ആര്‍ ലക്ഷ്മി, ഫിസിക്‌സസ് അധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂര്‍ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ വയനാട് നീര്‍വാരം ഗവ എച്ച്.എസ്.എസിലേക്കും ടി.ആര്‍. മഞ്ജുവിനെ കണ്ണൂര്‍ വെല്ലൂര്‍ ഗവ. എച്ച്.എസ്. എസിലേക്കും എ.ആര്‍.ലക്ഷ്മിയെ വയനാട് പെരിക്കല്ലൂര്‍ ഗവ. എച്ച്. എസ്.എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയത്.

Signature-ad

ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായി പഠിപ്പിക്കുന്നില്ലെന്നും കൂടുതല്‍ കുട്ടികള്‍ തോറ്റത് ഇംഗ്ലീഷിലാണെന്നുമാണ് നീതു ജോസഫിനെതിരായ കുട്ടികളുടെ പരാതി. പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതിനാല്‍ മനഃപൂര്‍വം പരീക്ഷകളില്‍ മാര്‍ക്ക് കുറക്കുകയും ചില കുട്ടികള്‍ക്ക് അധികം മാര്‍ക്ക് നല്‍കുകയും ചെയ്തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടി.ആര്‍ മഞ്ജു, രശ്മി എന്നിവര്‍ പഠിപ്പിക്കുന്നതും മനസ്സിലാവുന്നില്ലെന്നും തങ്ങള്‍ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികള്‍ ആര്‍.ഡി.ഡിയെ അറിയിക്കുകയും ചെയ്തു.

31 ചിത്രങ്ങള്‍ക്ക് പകരം ബോട്ടണി പ്രാക്ടിക്കല്‍ റെക്കോഡില്‍ 81 ചിത്രം വരക്കാന്‍ ആവശ്യപ്പെടുകയും കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ മാനസികമായി കഷ്ടപ്പെടുത്തുകയും ചെയ്തുവെന്നാണ് വി.എം. രശ്മിയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറഞ്ഞത്. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഈ അധ്യാപകര്‍ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതില്‍ ചില അധ്യാപകര്‍ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവര്‍ സ്‌കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായതിനാല്‍ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ നിന്ന് വിടുതല്‍ നല്‍കാനും ഉത്തരവില്‍ പറയുന്നു.

അതേസമയം, അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലംമാറ്റിയതിനെതിരെ വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മലബാര്‍ കേരളത്തിന്റെ കുപ്പത്തൊട്ടിയല്ലെന്ന് നെഞ്ചുനിവര്‍ത്തി പറയേണ്ട സന്ദര്‍ഭം കൂടിയാണിതെന്ന് എഴുത്തുകാരനും ഗവേഷകനുമായ ബഷീര്‍ തൃപ്പനച്ചി പറഞ്ഞു.

‘തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന സര്‍ക്കാര്‍ സ്‌കൂളിലെ ബാച്ചുകള്‍ താല്‍ക്കാലികമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മലബാറിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. പക്ഷേ, അപ്പോള്‍ പോലും ആ ബാച്ചുകളിലെ അധ്യാപകരെ മലബാറിലേക്ക് മാറ്റിയിരുന്നില്ല. അത് സാങ്കേതിക പ്രശ്‌നങ്ങളും മറ്റ് പ്രയാസങ്ങളും ഉള്ളതിനാല്‍ മാറ്റാന്‍ സാധ്യമല്ല എന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഇതിപ്പോള്‍ എത്ര എളുപ്പത്തിലാണ് മലബാറിലേക്ക് തട്ടിയത്. കേരളഭരണകൂട വ്യവസ്ഥയിലെ ഉദ്യോഗസ്ഥ ലോബിക്ക് കാലങ്ങളായി മലബാറിനോടുള്ള സമീപനത്തിന്റെ ഇനിയും അവസാനിക്കാത്ത ഉദാഹരണം മാത്രമാണിത്. മലയാള സിനിമയില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്നാല്‍ കാസര്‍ക്കോട്ടേക്കോ അട്ടപ്പാടിയിലേക്കോ ഉള്ള സ്ഥലമാറ്റമാണെന്നോര്‍ക്കുക. മലബാര്‍ കേരളത്തിന്റെ കുപ്പത്തൊട്ടിയല്ലെന്ന് നെഞ്ചുനിവര്‍ത്തി പറയേണ്ട സന്ദര്‍ഭം കൂടിയാണിത്’ -ബഷീര്‍ തൃപ്പനച്ചി ഫേസ്ബുക്കില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: