ന്യൂഡല്‍ഹി: ഡപ്യൂട്ടി സ്പീക്കര്‍ പദവി ഇത്തവണയും ഒഴിച്ചിടണോ അതോ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങണോ എന്നതാണ് ബിജെപിയിലെ ആലോചന. ഡപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ താല്‍പര്യമില്ലെന്ന് എന്‍ഡിഎയിലെ പ്രബല ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ വേണമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നിലപാടെടുത്തതായും സൂചനയുണ്ട്.
ഡപ്യൂട്ടി സ്പീക്കര്‍ പദവി തന്നാല്‍ ഓം ബിര്‍ലയെ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം ബിജെപിക്കു മുന്നില്‍ ഉപാധി വച്ചെങ്കിലും അംഗീകരിച്ചില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഓം ബിര്‍ലയുടെ പേരു നിര്‍ദേശിച്ച പ്രമേയം ശബ്ദവോട്ടില്‍ പാസായത് പ്രതിപക്ഷം അംഗീകരിച്ചു; ആളെണ്ണം തിട്ടപ്പെടുത്തിയുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാല്‍, കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദേശിച്ചുള്ള പ്രമേയങ്ങള്‍ പിന്‍വലിക്കാന്‍ തയാറായതുമില്ല. അതുകൊണ്ടുതന്നെ, സ്പീക്കര്‍ പദവിയിലേക്കു നടന്നത് മത്സരം തന്നെ.
ഡപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിച്ചിടേണ്ടെന്നാണു തീരുമാനമെങ്കില്‍ അതു ബിജെപിതന്നെ കൈവശം വയ്ക്കില്ലെന്നു തീര്‍ത്തുപറയാനാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിനു നല്‍കാമെന്ന വാദവും ശക്തമാണ്. സഭാനടത്തിപ്പില്‍ പ്രതിപക്ഷ പ്രതിനിധിയെ പങ്കാളിയാക്കുന്നതിന്റെ വരുംവരായ്കകള്‍ പാര്‍ട്ടി വിലയിരുത്തുകയാണ്.
പ്രതിപക്ഷത്തിനു പദവി ലഭിക്കുന്നെങ്കില്‍ തങ്ങളെ പരിഗണിക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷനേതൃസ്ഥാനമുള്ള കോണ്‍ഗ്രസ് മറ്റൊരു ഭരണഘടനാപദവികൂടി വേണമെന്നു നിര്‍ബന്ധം പിടിക്കുമോ അതോ ഇന്ത്യാസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ സമാജ്വാദി പാര്‍ട്ടിക്കു നല്‍കുമോ എന്നും വ്യക്തമല്ല.
ഇപ്പോള്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവിക്കായി വാശിപിടിക്കുന്ന പ്രതിപക്ഷം, കഴിഞ്ഞതവണ പദവി ഒഴിച്ചിടാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന ചോദ്യമുണ്ട്. അന്നത്തെ കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഏതാനും തവണ സ്പീക്കര്‍ക്കു കത്തെഴുതുകയും സഭയുടെ കാര്യോപദേശക സമിതിയില്‍ പ്രശ്‌നമുന്നയിക്കുകയും മാത്രം ചെയ്തു. സര്‍ക്കാരാകട്ടെ പ്രതികരിച്ചതുമില്ല.
ഡപ്യൂട്ടി സ്പീക്കര്‍ വേണമെന്ന് കഴിഞ്ഞ സഭയുടെ കാലത്തു സ്പീക്കര്‍ സര്‍ക്കാരിനോടു പലതവണ പറഞ്ഞെന്നാണു സൂചന. എന്നാല്‍, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുംവിധം പരസ്യനിലപാടെടുത്തില്ല. ഏതെങ്കിലും സാഹചര്യത്തില്‍ സ്പീക്കര്‍ രാജിവച്ചാല്‍ എന്തു െചയ്യും എന്ന ചോദ്യം സര്‍ക്കാര്‍ വൃത്തങ്ങളിലുണ്ടായിരുന്നു. കാരണം, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സ്പീക്കര്‍ രാജിക്കത്തു നല്‍കേണ്ടത് ഡപ്യൂട്ടി സ്പീക്കര്‍ക്കാണ്.