KeralaNEWS

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇ.പി ജയരാജനെതിരെ സി.പി.എമ്മില്‍ പടയൊരുക്കം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സി.പി.എമ്മില്‍ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയര്‍ന്ന വിമര്‍ശനമാണ് ഇ.പിക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നത്. തിരുത്തല്‍ നടപടിയുടെ ഭാഗമായി ഇപിയും പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയും സി.പി.എമ്മില്‍ സജീവചര്‍ച്ചയായി വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേതൃത്വത്തില്‍ കഴിഞ്ഞെങ്കിലും സി.പി.എമ്മില്‍ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി നേതൃത്വം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അടിത്തട്ടില്‍ നിന്നല്ല മുകളില്‍നിന്നും തുടങ്ങണം തിരുത്തല്‍ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേതൃയോഗങ്ങളില്‍ഉണ്ടായ പ്രധാനപ്പെട്ട ചര്‍ച്ചകള്‍. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ ആയിരുന്നു തുടക്കം.

Signature-ad

തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നുവന്ന ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കംകൂട്ടി എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കണ്‍വീനര്‍ക്ക് ചേര്‍ന്ന നിലപാടല്ല ഇപി സ്വീകരിച്ചതെന്ന് പല ജില്ലാ നേതൃയോഗങ്ങളിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

ഒരു ദിനപത്രത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി നല്‍കിയ അഭിമുഖത്തില്‍ ചോദ്യത്തിന്റെ ഭാഗമാകാതെ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് പാര്‍ട്ടി നടപടിയുടെ സൂചനയായി കാണുന്നവരുമുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളെ പാര്‍ട്ടി സെക്രട്ടറി തള്ളിക്കളയുകയും ചെയ്തു. ബി.ജെ.പി ബാന്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായതും അത് ഇടതുമുന്നണി കണ്‍വീനര്‍ തെരഞ്ഞെടുപ്പ് ദിവസം തന്നെ സമ്മതിച്ചതും സി.പി.എമ്മിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. തിരുത്തല്‍ നടപടിയുടെ ഭാഗമായി സി.പി.എം, എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്.

 

Back to top button
error: