KeralaNEWS

തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി

കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസ്സം ഉണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തുംവിധവും അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

Signature-ad

ബാങ്കില്‍ പ്രവേശിക്കുന്നതിന് ഉള്‍പ്പെടെ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരെയും ഉപയോക്താക്കളെയും അസോസിയേഷന്‍ തടയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിഷേധ യോഗം, ധര്‍ണ, പ്രകടനം, പന്തല്‍ കെട്ടല്‍, മുദ്രാവാക്യം വിളിക്കുക തുടങ്ങിയവ കേന്ദ്ര ഓഫീസിന്റെയും സമീപത്തെ അനെക്സ്, ശാഖകള്‍ എന്നിവയുടെയും 50 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും നിര്‍ദേശിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി. 200 മീറ്ററിനുള്ളില്‍ പ്രതിഷേധം നടത്തരുതെന്ന ഉത്തരവിലെ നിര്‍ദേശമാണ് 50 മീറ്ററായി കുറച്ചത്. ഹര്‍ജിയില്‍ ഹര്‍ജിക്കാരുടെയും എതിര്‍കക്ഷികളായ അസോസിയേഷന്റെയും അവകാശങ്ങള്‍ സന്തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

നോര്‍ത്ത് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിനെതിരെയാണ് ഫെഡറല്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിന്റെ 200 മീറ്റര്‍ ദൂരപരിധിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് നേരത്തെ ആലുവ മജിസ്ട്രേറ്റ് കോടതി വിലക്കിയിരുന്നു. അതില്‍ പറവൂര്‍ അഡീഷണല്‍ ജില്ലാക്കോടതി ഭേദഗതി വരുത്തി. ഇത് ചോദ്യം ചെയ്തായിരുന്നു ഫെഡറല്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: