വൃത്തിയില്ലായ്മയുടെ പ്രതീകമായും പകര്‍ച്ചവ്യാധികളുടെ സൈറണായും പരിഗണിക്കുന്ന ഈച്ചയുടെ ശല്യം നാള്‍ക്കുനാള്‍ കൂടുന്നു. വീട്ടിലും ഓഫീസിലും കടകളിലും യോഗസ്ഥലങ്ങളിലുമെല്ലാം കൂട്ടംകൂട്ടമായി ഈച്ചയെത്തുന്നത് വലിയതോതില്‍ അസ്വസ്ഥതയുണ്ടാക്കുന്നുമുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിലും ഈ പ്രശ്‌നം മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധിച്ചിട്ടും ഇത് ചെറുക്കാന്‍ ഒരു ശാസ്ത്രീയപ്രതിവിധിയുണ്ടായിട്ടില്ല.
ഈച്ച വന്നിരുന്ന ഭക്ഷണത്തോട് കടുത്ത അയിത്തം പുലര്‍ത്തിയിരുന്നവര്‍ പലരും ഈച്ചയെ വീശിയകറ്റി വിശപ്പകറ്റുന്ന കാഴ്ചകളിലേക്ക് ഹോട്ടലുകള്‍ മാറി. പല ബേക്കറികളിലെയും ചില്ലുകൂട്ടിലെ പലഹാരങ്ങള്‍ക്കുമേല്‍ വന്നിരിക്കുന്ന ഈച്ചകളും അന്യമല്ലാത്ത കാഴ്ചയായി.
വേനല്‍മഴയ്ക്കുമുമ്പേ തുടങ്ങിയ ഈ ഈച്ചശല്യം മാങ്ങയും ചക്കയും പഴുത്തുവീഴുന്ന കാലമായതിനാലാണെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍, മഴക്കാലമായിട്ടും ഈച്ചകളുയര്‍ത്തുന്ന പൊറുതികേടിന് അറുതിയുണ്ടായില്ല.
ഈച്ചകളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ അവയെ നേരിടാന്‍ വിപണിയില്‍ ഇപ്പോള്‍ ഒരു എളുപ്പവഴി ഒരുങ്ങിയിട്ടുണ്ട് -ഒട്ടിപ്പോ സ്റ്റിക്കര്‍. നോട്ടുപുസ്തകം തുറന്നുവെക്കുന്നതുപോലെ ഒരു കാര്‍ഡ്. ഈ കാര്‍ഡ് തുറന്നുവെച്ചാല്‍ അതിലെ പശയില്‍ വന്നിരിക്കുന്ന ഈച്ചകള്‍ അതില്‍ ഒട്ടിപ്പോവും. 10 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തിയ ഈ ഒട്ടിപ്പോ സ്റ്റിക്കറാണ് പല പ്രധാനവേദികളിലും ഈച്ചയ്‌ക്കെതിരേയുള്ള ‘മരുന്ന്’. ഈച്ചകളെ അടിച്ചുവീഴ്ത്താന്‍ പലതരം ഇലക്ട്രിക്ക് ബാറ്റുകളും വിപണിയിലെത്തിയിട്ടുണ്ട്.
ഈച്ചകളുടെ കാലിന്റെ ഘടനകൊണ്ടും അവ പോയിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിലെ ജീര്‍ണാവസ്ഥകൊണ്ടും ഇവയെ ജലജന്യരോഗങ്ങളുടെ വാഹകരായാണ് വിശേഷിപ്പിക്കാറെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മുന്‍മേധാവി ഡോ. ടി. ജയകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഈച്ചകളുടെ വര്‍ധിച്ച സാന്നിധ്യത്തെ ഭയപ്പാടോടെയാണ് ആരോഗ്യമേഖല കാണുന്നതെന്നും കോളറയുള്‍പ്പെടെയുള്ള രോഗങ്ങളെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.