വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം ; നായകന്‍ ഗില്ലിന് സെഞ്ച്വറി, ജെയ്‌സ്വാളിന് ഇരട്ടസെഞ്ച്വറി നഷ്ടം ; അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ്് രണ്ടാം ദിവസത്തേക്കും നീട്ടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. യശ്വസീ ജെയ്‌സ്വാളിന് ഇരട്ടശതകം നഷ്ടമായതാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കുണ്ടായ നിരാശ. അതേസമയം നായകന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടുകയും ചെയ്തു.
ആദ്യ ഇന്നിംഗ്‌സിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഇതിനകം നാലു വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. സ്പിന്നര്‍മാരെ വെച്ച് ഇന്ത്യ നടത്തിയ ബൗളിംഗ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വെസ്റ്റിന്‍ഡീസ് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. ഓപ്പണര്‍ ജോണ്‍ കാംബല്‍ 10 റണ്‍സിനും ടാഗ് നരേണ്‍ ചന്ദര്‍പാള്‍ 34 നും വീണു. ജഡേജയുടെ പന്തില്‍ സായ് സുദര്‍ശന്‍ പിടിച്ചാണ് ജോണ്‍ കാംബല്‍ പുറത്തായത്. ചന്ദര്‍പാളിനെയും ജഡേജ വീഴ്ത്തി. കെ.എല്‍. രാഹുലിനായിരുന്നു ക്യാച്ച്. പിന്നാലെ നായകന്‍ റോസ്റ്റന്‍ ചാസിന് സ്‌കോര്‍ തുറക്കാനായില്ല. സ്വന്തം ബൗളിംഗില്‍ ജഡേജ തന്നെ പിടികൂടി. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി ഷായ് ഹോപ്പും 14 റണ്‍സ് എടുത്ത ടെവിന്‍ ഇംലാച്ചുമാണ് ക്രീസിലുള്ളത്.
തലേദിവസം സെഞ്ച്വറി നേടിയ ഓപ്പണര്‍ ജെയ്‌സ്വാളിന് രണ്ടാം ദിവസം രണ്ടു റണ്‍സ് കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളു. 175 ല്‍ എത്തിയ ജെയ്‌സ്വാള്‍ ഇല്ലാത്ത റണ്ണിന് ഓടി റണ്ണൗട്ടായി. മറുവശത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലായിരുന്നു. രണ്ടുപേരും തമ്മിലുള്ള ധാരണപിശകില്‍ പുറത്തായതോടെ ജെയ്‌സ്വാള്‍ തലയില്‍ കൈവെച്ചു. മറുവശത്ത് മികച്ച ഫോമിലായിരുന്ന ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. ഗില്‍ 129 റണ്‍സ് എടുത്തു. ഇതിനിടയില്‍ നിതീഷ്‌കുമാര്‍ റെഡ്ഡി 43 റണ്‍സെടുത്ത് വാരികാന്റെ പന്തിന്റെ സീല്‍സിന് പിടികൊടുത്ത് പുറത്തായി. പിന്നാലെ വന്ന ധ്രുവ് ജൂറലും 44 റണ്‍സ് എടുത്തു. ചാസ് ക്ലീന്‍ ബൗള്‍ ചെയ്താണ് ജുറലിനെ പുറത്താക്കിയത്. ഇതിനിടയില്‍ 518 എന്ന സ്‌കോറിലേക്ക് എത്തിയതും ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.






