LIFELife Style

മിഡില്‍ക്ലാസ് ആളുകള്‍ ധനികരാകാത്തത് അവരുടെ ഈ വിശ്വാസങ്ങള്‍ കാരണം

നികര്‍ കൂടുതല്‍ ധനികര്‍ ആയിക്കൊണ്ടിരിക്കും, ശരിയാണ്. എത്രയോ കോടീശ്വരന്മാരുടെ ജീവിതം അതിന് തെളിവാണ്. അതേപോലെ മിഡില്‍ക്ലാസ് അഥവാ ഇടത്തരം സാമ്പത്തികമുള്ളവര്‍ എന്നും മിഡില്‍ക്ലാസ് ആയിരിക്കും എന്നതും ഒരു വസ്തുത തന്നെയാണ്. എന്തുകൊണ്ടാണ് മിഡില്‍ക്ലാസ് ആളുകള്‍ക്ക് ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിയാതെ പോകുന്നത്? ചില വിശ്വാസങ്ങളാണ് കാരണം.

സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്ക് നയിക്കുന്നതും മിഡില്‍ക്ലാസ് എന്നും മിഡില്‍ക്ലാസ് ആയി തുടരുന്നതും ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ള ചില വിശ്വാസങ്ങള്‍ കാരണമാണ്. സമ്പന്നരായ ആളുകള്‍ക്ക് മിഡില്‍ക്ലാസിനെ അപേക്ഷിച്ച് വ്യത്യസ്തമായ വിശ്വാസങ്ങളും തത്വചിന്തകളും നയതന്ത്രങ്ങളും ഉണ്ട്. പണം കൊണ്ട് മായാജാലമല്ല അവരുടെ ധനികരാകുന്നതിനുള്ള രഹസ്യം, ചില മൂല്യങ്ങളും ചിന്താരീതികളുമാണ് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ അവരെ സഹായിക്കുന്നത്.

Signature-ad

ധനികരാകുന്നതില്‍ നിന്നും മിഡില്‍ക്ലാസിനെ തടയുന്ന ചില ചിന്തകളും വിശ്വാസങ്ങളും അബദ്ധധാരണകളും നോക്കാം.

ഇഷ്ടമില്ലാത്ത ജോലി ആണെങ്കിലും…
മിഡില്‍ക്ലാസ് ആയ മിക്കയാളുകളും നിലനില്‍പ്പിന് വേണ്ടി ഇഷ്ടമില്ലാത്ത ജോലിയില്‍ മനസ്സില്ലാമനസ്സോടെ വര്‍ഷങ്ങളോളം തുടരും. ഈ ജോലിയില്‍ തുടരുന്നിടത്തോളം കാലം അവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമോ എന്ന് ഭയന്ന് കഴിയുകയോ വിരമിക്കുന്നത് സ്വപ്നം കാണുകയോ ചെയ്തുകൊണ്ടിരിക്കും. ഒടുവില്‍ ഉദ്യോഗജീവിതത്തില്‍ സന്തോഷമോ സമ്പാദ്യമോ ഇല്ലാതെ വിരമിക്കുകയും ചെയ്യും.

മനസ്സില്ലാതെ കഠിനാധ്വാനം ചെയ്താല്‍ എന്തുകാര്യവും നേടാമെന്നാണ് മിഡില്‍ക്ലാസിന്റെ തെറ്റിദ്ധാരണ. നേരെമറിച്ച്, സംതൃപ്തിയോടുള്ള ജോലിയിലാണ് ധനികര്‍ വിശ്വസിക്കുന്നത്. ഇഷ്ടമുള്ള ജോലിയില്‍ മാത്രമേ ഒരാള്‍ക്ക് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനാകൂ. ആ രീതിയിലുള്ള ജോലിയിലൂടെ അര്‍ഹിക്കുന്ന ഫലം തേടി വരികയുള്ളു.

വിദ്യാഭ്യാസമില്ലാതെ ധനികരാകുകയില്ല?
മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിലേ ധനികരാകൂ എന്നതാണ് മിഡില്‍ക്ലാസിന്റെ മറ്റൊരു തെറ്റിദ്ധാരണ. അങ്ങനെയാണെങ്കില്‍ ലോകത്തിലെ കോടീശ്വരരെല്ലാം പഠനത്തില്‍ ഒന്നാമരായിരിക്കുമല്ലോ. പക്ഷേ അങ്ങനെയല്ലെന്നാണ് കോടീശ്വരരുടെ ജീവിതം തെളിയിക്കുന്നത്. പഠിച്ച പുസ്‌കതങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള ശേഷിയും ധനികരാകുന്നതും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നുള്ളതാണ് ലോകസത്യം. പകരം തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള, തങ്ങളുടെ കര്‍മ്മമേഖലയെ കുറിച്ചുള്ള എല്ലാ അറിവുകളും നേടുന്നത് സമ്പന്നരാകാന്‍ സഹായിക്കും.

ലോകത്തിലെ ശതകോടീശ്വരന്‍മാര്‍ പലതവണയും ഔദ്യോഗിക വിദ്യാഭ്യാസത്തില്‍ പരാജയപ്പെട്ടവരാണെന്ന് അവരുടെ ജീവിതകഥകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാല്‍ വിദ്യാഭ്യാസം സാമ്പത്തികവിജയം ഉറപ്പുനല്‍കുന്നില്ലെന്ന് മനസ്സിലാക്കുക.

പണക്കാരനാകുക എന്നത് എനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല
ശരാശരി സാമ്പത്തികശേഷി ഉള്ള ആളുകളുടെ ഒരു ചിന്തയാണ് പണക്കാരനാകാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നത്. ഭാഗ്യമുള്ളവര്‍ക്കും ധനിക കുടുംബത്തില്‍ ജനിച്ചവര്‍ക്കും മാത്രമേ അതിന് കഴിയുകയുള്ളുവെന്ന് അവര്‍ കരുതുന്നു. ഈ ചിന്ത കാരണം അവര്‍ വലിയ സ്വപ്നങ്ങളോ ലക്ഷ്യങ്ങളോ വെച്ചുപുലര്‍ത്തുന്നില്ല. അതേസമയം പണക്കാര്‍ ധനികരാകാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു. ആ ചിന്തയില്‍ അവര്‍ വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നു.

ധനികരായാല്‍ ആളുകള്‍ അഹങ്കാരികളും അത്യാഗ്രഹികളും ആകും
പണക്കാര്‍ ആകാതിരിക്കുന്നതിനുള്ള ചിലയാളുകളുടെ ന്യായീകരണമാണ് പണക്കാര്‍ ആയാല്‍ അഹങ്കാരികളും സമാധാനമില്ലാത്തവരും സന്തോഷമില്ലാത്തവരും മോശം ആളുകളും ആകുമെന്നത്. വിജയവും പണവും ആളുകളെ അത്യാഗ്രഹികളും അഴിമതിക്കാരും ആക്കുമെന്നാണ് പലയാളുകളും കരുതുന്നത്. എന്നാല്‍, ധനികര്‍ അവരുടെ ശക്തിയും സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞവരാണ്. പണക്കാരാകുന്നതിന് മുമ്പ് എന്ത് സ്വഭാമാണോ ഉണ്ടായിരുന്നത് അത് തന്നെ ആയിരിക്കും പണക്കാര്‍ ആയതിന് ശേഷവും അവര്‍ കാണിക്കുക. അതായത് വഞ്ചനയും അത്യാഗ്രഹവും ഉള്ളവര്‍ ധനികരായാലും അങ്ങനെ തന്നെ തുടരും. അതേസമയം ഹൃദയത്തില്‍ നന്മയുള്ള ആളുകള്‍ സമ്പന്നരാകുമ്പോള്‍ തങ്ങളുടെ പണം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും.

പണം സുരക്ഷിതമായി കൈകാര്യം ചെയ്യണം
മിഡില്‍ക്ലാസ് ആളുകള്‍ പൊതുവേ പിശുക്ക് ചിന്താഗതി പുലര്‍ത്തുന്നവരാണ്. ഇവര്‍ക്ക് ഒരിക്കലും പണം തികയാത്ത അവസ്ഥയുണ്ടാകും. അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയാണ് ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുക. കാരണം പണം കയ്യില്‍ നിന്ന് പോയാല്‍ ഒരിക്കലും നേടാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്.

പണക്കാര്‍ കൂടുതല്‍ പണക്കാര്‍ ആകുന്നത് അവരുടെ കയ്യിലുള്ള പണം ബുദ്ധിപരമായി വിനിയോഗം ചെയ്യുന്നത് കൊണ്ടാണ്. കുറച്ച് പണം കൊണ്ട് അവര്‍ കൂടുതല്‍ പണം നേടുന്നു. റിസ്‌ക് എടുക്കാന്‍ അവര്‍ തയ്യാറാകുന്നു. ലാഭം പോലെ തന്നെ നഷ്ടത്തിനും സാധ്യതയുണ്ടെന്ന ബോധ്യം അവര്‍ക്കുണ്ടാകും. എങ്കിലും അവര്‍ നിക്ഷേപങ്ങളോട് പിന്തിരിഞ്ഞ് നില്‍ക്കില്ല. അവര്‍ നിക്ഷേപസാധ്യതകള്‍ മനസ്സിലാക്കി ഉപയോഗപ്പെടുത്തും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. പതനങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും.

പണം എങ്ങനെ സമ്പാദിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കണം
പണം സമ്പാദിക്കുന്നതിന് നല്‍കുന്ന പ്രാധാന്യമാണ് മിഡില്‍ക്ലാസിന്റെ പ്രധാന ശാപം. സമ്പാദിക്കുന്നത് മോശം കാര്യമല്ല. എന്നാല്‍ സമ്പാദിക്കണമെന്ന ചിന്ത എവിടെ നിന്ന് വരുന്നു എന്നതാണ് ആ ശീലത്തെ അപകടകരമാക്കുന്നത്. മിക്കയാളുകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അവരുടെ മാതാപിതാക്കളില്‍ നിന്നും വലുതാകുമ്പോള്‍ സമ്പാദിക്കണമെന്ന ഉപദേശം ലഭിക്കുന്നുണ്ട്. ധനികര്‍ പണത്തെ ഒരു മാധ്യമം മാത്രമായിട്ടാണ് കാണുന്നത്. അതുകൊണ്ട് അവര്‍ സുഖജീവിതവും സൗകര്യങ്ങളും നേടുന്നു. കൂടുതല്‍ പണം നേടുന്നതിനുള്ള നിക്ഷേപങ്ങള്‍ നടത്തുന്നു. അവര്‍ കുട്ടികളെ നിക്ഷേപത്തെ കുറിച്ചാണ് പഠിപ്പിക്കുന്നത്.

ധനികരായാല്‍ മാനസികസമ്മര്‍ദ്ദമുണ്ടാകും!
ധനികരായാല്‍ സന്തോഷം പോകുമെന്നാണ് ചിലരുടെ ചിന്ത. നെഗറ്റീവ് വികാരങ്ങളോടെയാണ് പലരും ധനികരെ നോക്കിക്കാണുന്നത്. പണത്തെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചിന്തിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് ചെറുപ്പത്തിലേ ആളുകള്‍ക്കുള്ള ധാരണ. അതുകൊണ്ട് തന്നെ പണവുമായി ബന്ധപ്പെട്ട ചിന്തകള്‍ അവര്‍ പരമാവധി ഒഴിവക്കും. എന്നാല്‍ പണക്കാര്‍ യുക്തിബോധത്തോടെയാണ് പണത്തെ കാണുന്നത്. അവസരങ്ങളും തിരഞ്ഞെടുപ്പുകളും നടത്താനുള്ള ഒരു ഉപാധി മാത്രമാണ് അവര്‍ക്ക് പണം. വികാരങ്ങളെ മാറ്റിനിര്‍ത്തിയാണ് അവര്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തിരയുന്നത്.

സുഖമായിരിക്കുക എന്നതാണ് ധനികരാകുന്നതിനേക്കാള്‍ പ്രധാനം
നമ്മുടെ സുഖവും സന്തോഷവുമാണ് ധനികരാകുന്നതിനേക്കാള്‍ പ്രധാനമെന്ന് മിഡില്‍ക്ലാസ് ആളുകള്‍ കരുതുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ സുഖത്തിനാണ് മിഡില്‍ക്ലാസ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സാമ്പത്തികമായി വിജയം നേടിയ ആളുകള്‍ പണമുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതിനായി പല സുഖങ്ങളും ത്യജിക്കേണ്ടി വരുമെന്നും മനസ്സിലാക്കിയവരാണ്. വിട്ടുവീഴ്ചകളും ത്യാഗങ്ങളും ഇല്ലാതെ ഒന്നും നേടാന്‍ കഴിയില്ലെന്നും താത്കാലികമായ അസൗകര്യങ്ങളും സുഖക്കുറവും ഭാവിയില്‍ എന്നും സുഖമായിരിക്കാന്‍ സഹായിക്കുമെന്നും അവര്‍ കരുതുന്നു.

 

 

Back to top button
error: