ചെന്നൈ : സഹോദരന്‍ ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈക്ക് സമീപം താംബരത്ത് നടന്ന സംഭവത്തില്‍ കുവൈത്തില്‍ ജോലിചെയ്യുന്ന ബാബുവിന്റെ മകന്‍ താരിസാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇളയസഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്നു ചിക്കന്‍ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്.
താരിസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ബക്രീദ് ആഘോഷത്തില്‍ പങ്കെടുത്ത ഗോകുല്‍ അപ്പോള്‍ ലഭിച്ച ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചു.
താരിസ് ഇതിനെ ചോദ്യംചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് മുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന താരിസിനെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതെവന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.