CrimeNEWS

കുവൈറ്റ് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈറ്റ് പൗരനും കസ്റ്റഡിയിലായെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്ചത്തേക്ക് തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15000 ഡോളര്‍ (12.5 ലക്ഷം രൂപ) വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതത് രാജ്യത്തെ എംബസികള്‍ക്കാവും പണം കൈമാറുക. മരിച്ച 50പേരില്‍ 46പേര്‍ ഇന്ത്യക്കാരും മറ്റ് മൂന്നുപേര്‍ ഫിലിപ്പീന്‍സുകാരുമാണ്. ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Signature-ad

സംഭവത്തില്‍ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയില്‍ തീ പടരാനുള്ള കാരണം കണ്ടെത്താനാണ് അന്വേഷണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എക്സിലൂടെ അറിയിച്ചു.

ജൂലായ് 12ന് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന് കാരണം താഴത്തെ നിലയിലെ ഗാര്‍ഡ് റൂമിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 196 തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്.

 

Back to top button
error: