KeralaNEWS

കുവൈത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം വീതം ധനസഹായം; എംബസി വഴി തുക കൈമാറും

കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുളള ലേബര്‍ ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നല്‍കുമെന്ന് കുവൈറ്റ് സര്‍ക്കാര്‍. ഇക്കാര്യം അറബ് മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 24 പേര്‍ മലയാളികളാണ്. ഈ മാസം 12ന് പുലര്‍ച്ചെ നാലിനാണ് ദാരുണ സംഭവമുണ്ടായത്.

എംബസി വഴിയാകും തുക കൈമാറുക. മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തില്‍ 176 പേര്‍ ഉണ്ടായിരുന്നു. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്കീറ്റാണ് അപകട കാരണം.

Signature-ad

സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുവൈറ്റ് സര്‍ക്കാരിന് പുറമേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെയുള്ളവര്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ ജോലി ചെയ്തിരുന്ന എന്‍ബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തോതില്‍ തൊഴിലാളികള്‍ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആറ് പേര്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

 

Back to top button
error: