KeralaNEWS

വായനാദിനം: 10,000ലേറെ പുസ്തകങ്ങളും നിരവധി അംഗങ്ങളുമായി നവീകരിച്ച കുട്ടികളുടെ ലൈബ്രറി അക്ഷര നഗരിയുടെ അഭിമാനമാകുന്നു

കോട്ടയം: പുതു തലമുറ വായനയിൽ നിന്ന് അകലുന്നു എന്ന പ്രചാരണങ്ങൾക്കിടയിൽ 10,000ലേറെ പുതിയ പുസ്തകങ്ങളും 500 ലേറെ പുതിയ അംഗങ്ങളുമായ് കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി വായനാദിനത്തിൽ ശ്രദ്ധേയമായി.

ലോക പൗരനെന്ന് വിശേഷിപ്പിക്കാവുന്ന കെ.പി.എസ് മേനോന്റെ ജന്മഗൃഹമായ
തിരുനക്കര ഗോപിവിലാസം തറവാട് സ്ഥിതിചെയ്തിരുന്നിടത്ത് 1969ൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കുട്ടികളുടെ ലൈബ്രറി ഈ ജൂൺ മാസത്തിൽ 55-ാം വർഷത്തിലേക്ക് കടക്കുകയാണ്.
കോട്ടയം പബ്ലിക് ലൈബ്രറിയിൽ കുട്ടികളുടെ വിഭാഗം പ്രവർത്തനം
ആരംഭിക്കുന്നത് 1965 നവംബർ 14 നാണ്. 1966 അവസാനമായപ്പോൾ കുട്ടികൾക്ക് വേണ്ടി ഒരു പ്രത്യേക ലൈബ്രറിയുണ്ടാക്കുവാൻ തീരുമാനിച്ചു. അന്നത്തെ
ലൈബ്രറി സെക്രട്ടറി ഡി.സി. കിഴക്കേമുറി ധനസമാഹരണത്തിന് കണ്ടെത്തിയ
നൂതനമാർഗ്ഗമായിരുന്നു ലോട്ടറി നടത്തുക എന്നത്. ലോട്ടറി നടത്താൻ ഗവൺമെന്റിന്റെ പ്രത്യേക അനുമതി ലഭിക്കുവാൻ കെ.പി.എസ് മേനോൻ വേണ്ട സഹായങ്ങൾ ചെയ്തു. അംബാസിഡർ കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ലോട്ടറിയിലൂടെ നാലരലക്ഷം രൂപയോളമാണ് സമാഹരിച്ചത്. ഈ തുക കൊണ്ടാണ്
കുട്ടികളുടെ ലൈബ്രറിക്കുവേണ്ടി കെ.പി.എസ് മേനോന്റെ ജ•ഗൃഹമായ ഗോപിവിലാസം ബംഗ്ലാവും ഒരേക്കറിൽപരം സ്ഥലവും വാങ്ങിയത്. മൂന്നു നില കെട്ടിടത്തിന്റെ പണി രണ്ടാമത് ഒരു ലോട്ടറി കൂടി നടത്തിയാണ് പൂർത്തിയാക്കിയത്. രണ്ടാം പ്രാവശ്യവും നാലുലക്ഷത്തിൽപരം രൂപാ ലഭിച്ചു.

Signature-ad

പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി 1969 ജൂണിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രൊഫ. വി.കെ.ആർ.വി റാവുവാണ് ഉദ്ഘാടനം ചെയ്തത്. കെ.പി.എസ്
മേനോൻ, കേരള വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് കോയ, മഹാകവി
ജി.ശങ്കരക്കുറുപ്പ് എന്നിവർ ഉദ്ഘാടനയോഗത്തിൽ പങ്കെടുത്തു.

കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപകർ നടത്തുന്ന നൃത്ത നൃത്തേതര ക്ലാസുകളിൽ എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് കലാപരിശീലനത്തിനും
കായികവിനോദത്തിനും ഏറ്റവും അനുയോജ്യവും ആകർഷകവുമായ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് കുട്ടികളുടെ ലൈബ്രറി & ജവാഹർ ബാലഭവൻ.

രാഗം ,ശ്രുതി ലയം.താളം എന്നീ ഓഡിറ്റോറിയവും നീലാംബരി ഓപ്പൺ എയർ സ്റ്റേജും കുറഞ്ഞ വാടകക്ക് ലഭ്യമാണ്. നവീകരിച്ച പാർക്ക് സായാഹ്നങ്ങളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വിനോദത്തിനും വിശ്രമത്തിനുമുള്ള
നഗരത്തിലെ പ്രധാന സങ്കേതമാണ്. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ചെയർമാനായും വി. ജയകുമാർ എക്‌സിക്യൂട്ടീവ് ഡയറക്ടറായുമുള്ള
മാനേജിംഗ് കമ്മറ്റിയാണ് കുട്ടികളുടെ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

◼️ ലൈബ്രറി അംഗത്വം: 4 പുസ്തകങ്ങൾക്ക് ഡെപ്പോസിറ്റ് 600 രൂപ, മാസവരിസഖ്യ 40 രൂപ. 2 പുസ്തകങ്ങൾക്ക് ഡെപ്പോസിറ്റ് 300 രൂപ മാസവരി 20 രൂപ

Back to top button
error: