CrimeNEWS

പോലീസുകാരനെ കാറിടിപ്പിച്ച് വീഴ്ത്തി കൊല്ലാന്‍ശ്രമം; കാറോടിച്ച 19-കാരന്‍ പിടിയില്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ 19-കാരന്‍ പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19)യാണ് പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല എസ്.ഐ. ശശികുമാറിനെയാണ് അലന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്തായിരുന്നു സംഭവം. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാര്‍ പെട്ടെന്ന് പിറകിലേക്കെടുത്തു. ഇതോടെ പോലീസുകാര്‍ ഒഴിഞ്ഞുമാറി. ഇതിനിടെ പരിക്കേറ്റ ശശികുമാറും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്താണ് 19-കാരന്‍ എസ്.ഐ.യെ ഇടിച്ചുവീഴ്ത്തി കാറുമായി കടന്നുകളഞ്ഞത്.

Signature-ad

നിലത്തുവീണ എസ്.ഐ. കാറിനടിയില്‍പ്പെട്ടെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ പ്രതികരണം. എന്നാല്‍, കാറോടിച്ച 19-കാരന്‍ വാഹനം നിര്‍ത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അലന്‍ ഒളിവില്‍പോയിരുന്നു. അതിനിടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമ അലന്‍ അല്ലെന്നും പട്ടാമ്പി സ്വദേശിയായ മറ്റൊരാളാണെന്നുമാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ അലന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് ഇയാളെ പട്ടാമ്പിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: