KeralaNEWS

ഗവര്‍ണര്‍ ഗുണം ചെയ്‌തെന്ന ബി.ജെ.പി വിലയിരുത്തല്‍; ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം?

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവര്‍ണറായി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികള്‍ക്ക് തടയിടാനും ജനങ്ങള്‍ക്കുമുന്നില്‍ അത് തുറന്നുകാട്ടാനും ഗവര്‍ണറുടെ നടപടികള്‍ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഗവര്‍ണറുടെ നടപടികള്‍ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഇതും തുടര്‍ച്ച നല്‍കാനുള്ള കാരണമായി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സെപ്തംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്. സമീപകാലത്ത് ഒരു ഗവര്‍ണര്‍ക്കും രണ്ടും ടേം നല്‍കിയിട്ടില്ല.

Signature-ad

കേന്ദ്രത്തില്‍ നിന്ന് അനുകൂല സൂചന ലഭിച്ചതോടെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ വീണ്ടും ശക്തമാക്കാന്‍ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികളിലും വിസിമാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിംഗിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു. ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പുകാലത്ത് നിറുത്തിവച്ചിരുന്നു.

പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും ശക്തമായ ഭാഷയില്‍ അദ്ദേഹം രംഗത്തുവന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാതെ പിടിച്ചുവച്ചും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച അദ്ദേഹം സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. കേരളത്തിലെ ശരിക്കുള്ള പ്രതിപക്ഷം എന്ന വ്യാഖ്യാനംപോലും അദ്ദേഹത്തിന് ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തു.

ഏറ്റവും ഒടുവില്‍ ലോക കേരളസഭയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ ചീഫ് സെക്രട്ടറിയോട് അദ്ദേഹം സര്‍ക്കാരിനെതിരെ പരുഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പങ്കെടുക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറിയോട് തുറന്നുപറഞ്ഞ അദ്ദേഹം സകല ഭരണഘടനാസ്ഥാപനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വിമര്‍ശിക്കുകയും ചെയ്തു. തന്റെ വാഹനം ആക്രമിച്ചു കേടുവരുത്തിയപ്പോള്‍, അതു ജനാധിപത്യപരമായ പ്രതിഷേധമെന്നാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അക്രമികളെ മന്ത്രിമാര്‍ പലരും ഹസ്തദാനം നടത്തി പ്രോത്സാഹിപ്പിച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

 

Back to top button
error: