CrimeNEWS

കോയമ്പത്തൂരില്‍ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ ആക്രമിച്ചു; സൈനികനടക്കം 4 പേര്‍ അറസ്റ്റില്‍

കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ നാല് മലയാളി യാത്രക്കാര്‍ക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്.

കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍. റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം.

Signature-ad

അക്രമികള്‍ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്.

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. ജൂണ്‍ നാലിന് അവധിക്ക് നാട്ടില്‍ വന്നശേഷം ഇയാള്‍ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേര്‍ന്ന് കവര്‍ച്ചയ്ക്കിറങ്ങിയത്. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍-47-D-6036, KL-42-S-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്റെ വീഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കള്‍ പറഞ്ഞു. വീഡിയോ നോക്കാന്‍ പോലും പൊലീസ് തയാറായില്ല. തമിഴ്‌നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങള്‍ നോക്കേണ്ട കാര്യമില്ലെന്നാണ് അവര്‍ പറഞ്ഞത്. വാഹനം ഇപ്പോഴും തമിഴ്‌നാട്ടിലാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: