KeralaNEWS

കുഞ്ഞനന്തന്റെ നാലാംചരമവാര്‍ഷിക ദിനം ആചരിക്കാന്‍ സിപിഎം; ടി.പിക്കേസില്‍ യു.ഡി. എഫ് വേട്ടയാടിയെന്ന് പാനൂര്‍ ഏരിയാ കമ്മിറ്റി

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായി ജയിലില്‍ കഴിയവെ മരണമടഞ്ഞ പി.കെ കുഞ്ഞനന്തന്‍ നാലാം ചരമവാര്‍ഷിക ദിനാചരണം ചൊവ്വാഴ്ച്ച പാനൂരില്‍ നടക്കും. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായ പി.കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചു മരണമടയുന്നത്. ടി.പി വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത്. കൊലനടത്തിയ കൊടിസുനിയുടെ സംഘത്തെ ഏകോപിപ്പിച്ചത് കുഞ്ഞനന്തനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍, പാനൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിരുന്ന പി.കെ കുഞ്ഞനന്തനെ അന്നത്തെ യു.ഡി. എഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സി.പി. എമ്മിന്റെ ആരോപണം. 1981-ല്‍ പാനൂര്‍ ഏരിയാകമ്മിറ്റി നിലവില്‍ വന്നതു മുതല്‍ അംഗമായിരുന്നു പി.കെ കുഞ്ഞനന്തന്‍.പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് സി.പി. എം പാനൂര്‍ ഏരിയാസെക്രട്ടറി കെ. എ കുഞ്ഞബ്ദുള്ള അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അതിജീവിച്ചു പാര്‍ട്ടിയും ബഹുജന സംഘടനകളും വളര്‍ത്തുന്നതില്‍ അവസാനനാളുകള്‍ വരെ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് പാനൂര്‍ ഏരിയാസെക്രട്ടറി അനുസ്മരിച്ചു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പോലും വോട്ടു ചോര്‍ന്ന് വടകരയിലും കണ്ണൂരിലും കനത്ത പരാജയം നേരിട്ട വേളയിലാണ് പി.കെ കുഞ്ഞനന്തന്റെ നാലാം ചരമവാര്‍ഷികം സി.പി. എം ആചരിക്കുന്നത്.

വടകരയിലെ കനത്ത തോല്‍വിക്കു കാരണം ടി.പി ചന്ദ്രശേഖരന്‍ വധം, പാനൂര്‍ മൂളിയത്തോടില്‍ ബോംബു നിര്‍മ്മാണത്തിനിടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ചെറ്റക്കണ്ടിയില്‍ ബോംബു നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടു പേര്‍ക്ക് രക്തസാക്ഷി മന്ദിരം പണിതത്വിവാദമായതും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍അതില്‍ നിന്നു വിട്ടുനിന്നതുമെല്ലാം ആരോപണമായി അന്തരീക്ഷത്തില്‍ അണയാതെ കിടക്കുന്ന വേളയിലാണ് പി.കെ കുഞ്ഞനന്തന്റെ മറ്റൊരു രക്തസാക്ഷി ദിനം കൂടി ആചരിക്കുന്നത്.

ആര്‍. എസ്. എസുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂര്‍ മേഖലയില്‍ പാര്‍ട്ടി അണികള്‍ക്കിടെയില്‍ സ്വീകാര്യനായ നേതാവായിരുന്നു പി.കെ കുഞ്ഞനന്തന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂരിലെ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

 

 

Back to top button
error: