KeralaNEWS

എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലേ; പിന്നാലെ വരുന്നത് മുട്ടന്‍ പണി

കോട്ടയം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങള്‍. നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും പിഴയടച്ചിട്ടില്ല. മുട്ടന്‍ പണിയാണ് ഇവരെ കാത്തിരിക്കുന്നത്.

ജില്ലയില്‍ 44 കാമറകളാണുള്ളത്. ഇതിന് പുറമേ എ.ഐ കാമറ ഘടിപ്പിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനവും റോഡുകളില്‍ പരിശോധനയ്ക്കുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ഇതേവിഭാഗത്തിലാണ് ഉള്‍പ്പെടുക. തെള്ളകത്തെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ദൃശ്യങ്ങളില്‍ തുടര്‍നടപടി. അതേസമയം ക്യാമറകള്‍ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.

Signature-ad

ഹെല്‍മറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ് നിയമലംഘനങ്ങളില്‍ ഏറെയും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്കും പണികിട്ടി. അമിതവേഗതയ്ക്കും നോട്ടീസ് കിട്ടിയവരും ഏറെയാണ്. സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും ക്യാമറ ഒപ്പിയെടുത്തു.

നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കില്‍ നോട്ടീസ് കോടതിയില്‍ കൈമാറും. അവിടെ നിന്ന് വാഹന ഉടമയ്ക്ക് സന്ദേശം അയയ്ക്കും. പിഴയൊടുക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്ട്രേഷന്‍ പുതുക്കാനോ സാധിക്കില്ല. മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് തുടര്‍സേവനങ്ങളും ലഭിക്കില്ല.

 

Back to top button
error: