KeralaNEWS

വിജയത്തിനിടയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തൃശൂരിലെ നേതാക്കള്‍ക്ക് എതിരെ മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിജയം നേടിയെങ്കിലും തോറ്റ മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞിയിടങ്ങളിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തൃശൂര്‍, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണു പിന്നോട്ടു പോയതിന്റെ കാരണമായി സംഘടനാ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥാനാര്‍ഥിയും പാര്‍ട്ടി സംവിധാനവും തമ്മിലുള്ള ഭിന്നതകളും മറനീക്കി.

തോല്‍വിക്കു പിന്നാലെ തൃശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ കെ. മുരളീധരന്‍ പരസ്യമായി രംഗത്തുവന്നു. മുന്‍ എംപി ടി.എന്‍.പ്രതാപന്റെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലേക്കു വരെ കാര്യങ്ങളെത്തി. ഡിസിസി ഓഫിസിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Signature-ad

മുന്‍ എം.എല്‍.എ. അനില്‍ അക്കരയോടും പ്രതാപനോടും കെ.മുരളീധരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു പോകാന്‍ ആവശ്യപ്പെട്ട സംഭവവുമുണ്ടായി. ലീഗും അടിയന്തര യോഗം ചേര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയത്തില്‍നിന്ന് ഇടവേളയെടുക്കുന്നുവെന്നു പ്രഖ്യാപിച്ച മുരളീധരനെ മെരുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം രംഗത്തിറങ്ങേണ്ടിവന്നു.

ആലത്തൂരിലെ പരാജയത്തിനു കാരണം സംഘടനാപ്രശ്‌നമല്ലെന്നും സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നു വീഴ്ചകൊണ്ടാണെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ വാക്കുകള്‍ പാലക്കാടും തര്‍ക്കത്തിനു വഴി തുറന്നു. ഡിസിസി പ്രസിഡന്റിനെതിരെ പാലക്കാട് നഗരത്തിലും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിനു മുന്‍പും പ്രചാരണസമയത്തും രമ്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടും രമ്യയും ഡിസിസി പ്രസിഡന്റും ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന വാദവുമുണ്ട്.

തോല്‍വിയുടെ വക്കിലെത്തിയശേഷം വിജയിച്ച ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെയുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു. സംഘടനാപരമായ പ്രശ്‌നങ്ങള്‍ പലയിടത്തും വോട്ടു കുറയാന്‍ കാരണമായെന്നാണ് പ്രകാശിന്റെ വിമര്‍ശനം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സമയത്തും വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രവര്‍ത്തനവും ബൂത്ത്തല മുന്നൊരുക്കവും നടത്താത്തതിന്റെ പേരില്‍ അടൂര്‍ പ്രകാശ് പാര്‍ട്ടി യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തെ നിറംകെട്ട വിജയവും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകാനിടയുണ്ട്.

Back to top button
error: