തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എട്ടു റൗണ്ട് പിന്നിടുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആര്‍ക്കും ജയിക്കാവുന്ന അവസ്ഥയാണ്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ച. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിക്കുകയാണ്.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 949 വോട്ടിന് ലീഡ് ചെയ്യുകയാണ്. വി. ജോയ് തൊട്ടുപിന്നില്‍. ഏഴായിരം വോട്ടുകള്‍ക്ക് പിന്നില്‍ വി. മുരളീധരനും. വോട്ടെണ്ണല്‍ അവസാനത്തോടടുക്കുമ്പോള്‍ ആറ്റിങ്ങല്‍ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
എല്‍ഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളില്‍ അടൂര്‍ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിര്‍ത്തുകയായിരുന്നു. എങ്കിലും വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ ആര്‍ക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.