IndiaNEWS

കിതച്ച് മുന്നിലെത്തി ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുക പ്രയാസം

ന്യൂഡല്‍ഹി: 400 സീറ്റുകളുമായി മൂന്നാംവട്ടം അധികാരത്തിലേറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹത്തിന് കരിനിഴല്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഇന്ത്യ സഖ്യം വന്‍കുതിപ്പ് നടത്തിയതോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ ബിജെപി പ്രയാസപ്പെടുകയാണ്. എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. 543 ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്. എന്നാല്‍, ഇത്തവണ 400 കടക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ട തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്നത്.

Signature-ad

2014-ല്‍ 282 സീറ്റുകളും ബിജെപിക്ക് മാത്രവും എന്‍ഡിഎയ്ക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. 2019-ല്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടുകയും എന്‍ഡിഎയ്ക്ക് 353 സീറ്റുകളും ലഭിച്ചിരുന്നു. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ 400 കടക്കുമെന്ന് അവകാശപ്പെട്ടിരുന്നത്.

ബിജെപി 400 സീറ്റ് ലക്ഷ്യമിടുന്നത് ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടുവെന്നാണ് വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്. 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റംവരുത്തുമെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവനയും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ഭരണഘടന ഉയര്‍ത്തിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെയും മറ്റു ഇന്ത്യാ കക്ഷി നേതാക്കളുടെ പ്രചാരണം.

ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാരിനും മുന്‍പത്തെ പോലെ കാര്യങ്ങള്‍ എളുപ്പമാക്കില്ല. ഘടകക്ഷികളുടെ തീരുമാനങ്ങള്‍ക്ക് കൂടി ചെവികൊടുക്കേണ്ടി വരും. ഏത് ഘട്ടത്തിലും മറുകണ്ടം ചാടുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമടക്കമുള്ളവരാണ് പ്രധാന ഘടകക്ഷികളെന്നതും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Back to top button
error: