62 ഒക്കെ ഒരു പ്രായമാണോ?.! ഹണിമൂണിന് താജ് മഹലില്‍ പോകാം; അച്ഛന്‍ ഒരു ജീവിതം ഒരുക്കി കൊടുത്ത് മകള്‍
മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.അവരാണ് നമ്മുടെ അച്ഛനമ്മമാര്‍. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛന്‍ ഒറ്റയ്ക്കായി പോകാതിരിക്കാന്‍ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സില്‍ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കള്‍.
62 വയസ്സുള്ള അച്ഛന്‍ രാധാകൃഷ്ണന്റെ വധുവായി മക്കള്‍ തിരഞ്ഞെടുത്തത് 60 വയസ്സുള്ള മല്ലികയെയാണ്. ഒറ്റപ്പെടലിന്റെ വേദന തന്റെ അച്ഛന്‍ അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് മക്കളാണ് അച്ഛനുവേണ്ടി ഇത്തരം ഒരു കാര്യം ആലോചിക്കുന്നത് . ഒന്നരവര്‍ഷം മുന്‍പാണ് രാധാകൃഷ്ണന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മല്ലികയുടെ ഭര്‍ത്താവാകട്ടെ അഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.ഇതോടെ ഭര്‍ത്താവില്ലാത്ത മല്ലികയുടെ ജീവിതവും ഒറ്റപ്പെടലിലായി.രാധാകൃഷ്ണക്കുറുപ്പിന് രശ്മി, രഞ്ജു, രഞ്ജിത്ത് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.
തന്റെ ഭര്‍ത്താവുമൊത്ത് വിദേശത്തുള്ള ഇളയമകള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേദന നിറഞ്ഞ ജീവിതം എന്താണെന്നു മനസിലാകുന്നത്. തൊട്ടടുത്ത ദിവസം വിദേശത്തേക്ക് മടങ്ങേണ്ടതിനാല്‍ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ രഞ്ജു വിവാഹാലോചന തുടങ്ങി.ഇങ്ങനെയാണ് മാട്രിമോണിയിലൂടെ മല്ലികാകുമാരിയുടെ നമ്പര്‍ രഞ്ജുവിനു ലഭിക്കുന്നത്. പുനര്‍വിവാഹത്തിന് മല്ലികയുടെ ബന്ധുക്കളും പൂര്‍ണ പിന്തുണ നല്‍കിയതോടെ ഇരുവരുടെയും വിവാഹം പത്തനംതിട്ട കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്നത്.
രാധാകൃഷ്ണനും മല്ലികയും ഇന്ന് ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ ഈ പ്രായത്തില്‍ പരസ്പരം കൂട്ടാകാന്‍ കഴിഞ്ഞതിലും സ്‌നേഹം പങ്കുവെക്കാന്‍ കഴിഞ്ഞതിലും. ഹണിമൂണിന് ഡല്‍ഹിയില്‍ താജ്മഹല്‍ കാണാന്‍ പോകണമെന്നാണ് മല്ലികയുടെ ആഗ്രഹം.ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാധാകൃഷ്ണനും തയ്യാറാണ്. ഞങ്ങളുടെ അച്ഛനെ ഒറ്റപ്പെടലിന്റെ വേദനയില്‍ കണ്ട മക്കളും ഇന്ന് ഏറെ സന്തോഷത്തിലാണ്. കാരണം അവരുടെ അച്ഛന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഇന്ന് അവര്‍ക്ക് കാണാം. തങ്ങളുടെ എത്തിയ മല്ലികയെയും മക്കള്‍ സ്വന്തം അമ്മയായി തന്നെയാണ് കാണുന്നത്. സമൂഹത്തില്‍ കാണുന്ന സ്വാഭാവിക കഥകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഈയൊരു ജീവിതത്തിന് നിരവധി ആളുകളാണ് ആശംസകള്‍ അറിയിക്കുന്നത്.