CrimeNEWS

കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല; ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധമെന്ന് കോടതി

കൊച്ചി: കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടങ്ങുന്നത്. തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ അവിഹിതബന്ധമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് കോടതി പറഞ്ഞു. ഒരുമിച്ച് ജീവിക്കുകയെന്ന ഒരേലക്ഷ്യത്തോടെ പ്രതികള്‍ നടത്തിയ കുറ്റകരമായ ഗുഢാലോചന സംശയാതീതമായി തെളിഞ്ഞു.

ഇതിലേക്ക് സൂചന നല്‍കുന്ന വാട്സ്ആപ്പ് ചാറ്റുകളും മറ്റും മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. ലിജീഷിനെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നതും സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി അനുശാന്തിക്കെതിരെ ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ശരിവച്ചു.

Signature-ad

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍മായ ഒന്നായി കാണാനാകില്ലെന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ എന്നിവര്‍ യോജിച്ചു. എന്നാല്‍ മിറ്റിഗേഷന്‍ അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് നിനോമാത്യുവിന് നല്‍കിയ ശിക്ഷ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ അനുബന്ധ വിധിന്യായം എഴുതി. വധശിക്ഷ നല്‍കേണ്ട സാഹചര്യമുണ്ടോയെന്നാണ് അനുബന്ധ വിധിയില്‍ വിലയിരുത്തിയത്.

സമൂഹത്തില്‍ പുനരധിവസിപ്പിക്കാനുള്ള എല്ലാ കഴിവും നിനോയ്ക്കുണ്ടെന്നും സഹായം ആവശ്യമെങ്കില്‍ കുടുംബം നല്‍കുമെന്നും മിറ്റിഗേഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ജയിലില്‍ നിയമങ്ങള്‍ പാലിച്ചു സമാധാനപരമായാണ് കഴിയുന്നത്. കുട്ടിക്കാലത്ത് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും മാനസികവ്യഥയും നേരിടേണ്ടി വന്നു.

ഇക്കാര്യങ്ങള്‍ മാനസികമായി നിനോയെ ബാധിച്ചു. എന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രതിക്ക് കഴിയും. തന്റെ മകളുമായി നിനോയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. കുടുംബത്തിന് തന്നെ ആവശ്യമുള്ള സമയത്ത് സഹയാം നില്‍കാന്‍ നിനോ ആഗ്രഹിക്കുന്നു.

ഇതുവരെ മോശം സാഹചര്യങ്ങള്‍ നേരിട്ടെങ്കിലും സമൂഹതത്തില്‍ ക്രിയാത്മകമായി മുന്നോട്ടുപോകാനുള്ള എല്ലാ അവസരങ്ങളും നിനോ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ അറിയിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലിനൊപ്പം വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയും തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.

 

Back to top button
error: