കോഴിക്കോട്: മോട്ടിവേഷണല്‍ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറെ കാണികള്‍ ഇറക്കിവിട്ടു. കോഴിക്കോട് സിഎസ്ഡബ്‌ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം. ബിസിനസ് മോട്ടിവേഷണല്‍ സ്പീക്കറായ അനില്‍ ബാലചന്ദ്രനെയാണ് സദസ്യര്‍ കൂകി വിളിച്ച് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്ടിയും അടക്കമാണ് ഇയാള്‍ പ്രതിഫലമായി വാങ്ങിയത്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങില്‍ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനില്‍ ബാലചന്ദ്രന്‍ എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണ്. സ്റ്റേജില്‍ കയറിയ ഇയാള്‍ ബിസിനസുകാരെ അസഭ്യം പറയാന്‍ തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താന്‍ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താന്‍ പറഞ്ഞത് സംഘാടകര്‍ക്ക് കേള്‍ക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം.
”നിങ്ങള്‍ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ട് കാണികളിലൊരാള്‍ രംഗത്തുവന്നതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി എത്തി. ആദ്യമൊക്കെ പ്രതിരോധിക്കാന്‍ അനില്‍ ബാലചന്ദ്രന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പരിപാടി അവസാനിച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.
അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നുവെന്നും എന്നാല്‍ ഇയാള്‍ കൂടുതല്‍ സമയം എടുത്തതിനാല്‍ മറ്റുപരിപാടികളും താമസിക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. പണം കൃത്യമായി നല്‍കിയിട്ടും കോഴിക്കോട് ഹോട്ടലില്‍ എത്തിയതിന് ശേഷം പരിപാടിക്ക് വരാന്‍ കഴിയില്ലെന്ന് അനില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അസഭ്യവാക്കുകള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ വകവച്ചില്ലെന്നും സംഘാടകര്‍ പറയുന്നു. ഒടുവില്‍ കാണികളുടെ രോഷത്തില്‍ നിന്ന് വളരെ പണിപ്പെട്ടാണ് അനില്‍ ബാലചന്ദ്രനെ പുറത്തെത്തിച്ചത്.