KeralaNEWS

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ, ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീര രേഖപ്പെടുത്തും. തുടര്‍ന്ന് ഉച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Signature-ad

ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനായി കുഫോസ് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. സംഘം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച മീനുകളുടെയും ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കായി നേരത്തെ കുഫോസ് സെന്‍ട്രല്‍ ലാബിന് നല്‍കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ പരിശോധന ഫലം ലഭിക്കും.

പെരിയാറില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണമായി നശിച്ചതായി ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരാപ്പുഴ, ചേരാനല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. കരിമീന്‍, പൂളാന്‍, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം ഉണ്ടായിരുന്നു.

വ്യവസായ മേഖലയായതിനാല്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണ് മത്സ്യക്കുരുതി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. കമ്പനികളില്‍ നിന്ന് രാസമാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയില്‍ ഇടയാറിലെ അലയന്‍സ് മറൈന്‍ ഇന്‍ഡസ്ട്രീസ് കമ്പനി അടച്ചുപൂട്ടാന്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുഴയിലേക്ക് മലിനജലം ഒഴുക്കിയതിനാണ് നടപടി. കൂടുതല്‍ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെ ഏലൂരിലെ മലനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ മത്സ്യകര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും ആറുമാസത്തെ സൗജന്യ റേഷനും നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Back to top button
error: