മംഗലാപുരം: പറയുന്ന കാശ് കൊടുത്താല്‍ ടൂ വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് മലയാളികള്‍ക്ക് കര്‍ണാടകയില്‍ നിന്ന് തരപ്പെടുത്തില്‍ നല്‍കുന്ന സംഘം സജീവം. കേരളത്തില്‍ നിന്നുള്ള ആര്‍ക്കും കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടാം. കേരളത്തിലെ കാലതാമസം മുതലെടുത്താണ് ഈ നീക്കം.
10 പേരെ വീതം എത്തിച്ചാല്‍ കമ്മിഷന്‍ നല്‍കാമെന്നും, കുറഞ്ഞ തുകയ്ക്ക് ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്നും ഓഫറുണ്ട്. 12,000 രൂപ കൊടുത്താല്‍ ബൈക്ക്, കാര്‍ ലൈസന്‍സുകള്‍ ഉറപ്പാക്കാമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. പണവും ആധാര്‍ കാര്‍ഡും ഫോട്ടോയും മാത്രം കൈമാറിയാല്‍ മതി. 35 ദിവസത്തിനുളളില്‍ ലൈസന്‍സ് റെഡിയാക്കുമത്രേ.
ലേണിംഗ് ടെസ്റ്റ് പോലും പാസാകാതെ കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റാനാകും. ടൂ വീലര്‍, ഫോര്‍ വീലര്‍ അറിയാവുന്നവരില്‍ നിന്ന് കേരളത്തില്‍ 5000 രൂപയാണ് ഏജന്റുമാര്‍ ലൈസന്‍സിന് ഈടാക്കുന്നത്. കേരളത്തില്‍ ലേണിംഗ് പാസായാല്‍ തന്നെ ടെസ്റ്റിനു വേണ്ടി മാസങ്ങള്‍ കാത്തിരിക്കണം.
കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് 2,24,972 അപേക്ഷകരെന്ന് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടവരുടെയും കണക്കാണിത്.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്ധ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്താനായി രൂപീകരിക്കും. അതതു റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളും.’സാരഥി’ സോഫ്റ്റ്വെയര്‍ 16 മുതല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാന്‍ ഡല്‍ഹി എന്‍.ഐ.സിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നും കമ്മീഷണര്‍ അറിയിച്ചു.