ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. തെലങ്കാന അല്‍കാപൂരിലെ വസതിയിലായിരുന്നു അന്ത്യം. സുഹൃത്തും നടിയുമായ പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ വിയോഗവും. ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
മെയ് 12 നാണ് പവിത്ര വാഹനാപകടത്തില്‍ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ് നഗറിന് സമീപമായിരുന്നു അപകടം. തെലുങ്കിന് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര ‘ത്രിനയനി’യിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പവിത്രയുടെ മരണത്തിന് ശേഷം ചന്ദ്രകാന്ത് അതീവ ദുഖിതനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.