MovieNEWS

വലിയൊരു തുക അഡ്വാന്‍സ് വാങ്ങി, ഷൂട്ടിംഗിന് ആറ് ദിവസം മുമ്പ് പിന്മാറി; വഞ്ചിച്ച പ്രമുഖ നടിയെപ്പറ്റി വെളിപ്പെടുത്തി കമല്‍

‘വിദ്യ ബാലന്‍ എന്ന സിനിമാ നടിയെ നമുക്കെല്ലാവര്‍ക്കും അറിയാം. രണ്ട് മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാല്‍, ഒരുപക്ഷേ എല്ലാവരും പറയുക വിദ്യ ബാലന്‍ എന്നായിരിക്കും.

അത്രമാത്രം ശക്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള വിദ്യ ബാലന്‍ ആദ്യമായി ക്യാമറയുടെ മുന്നില്‍ വരുന്നത് എന്റെ സിനിമയിലൂടെയാണെന്നത് യാദൃശ്ചികമായിരിക്കാം. ചക്രം എന്ന സിനിമയായിരുന്നു അതെന്ന് പലര്‍ക്കും അറിയാം. മോഹന്‍ലാലും ദിലീപും വിദ്യ ബാലനുമൊക്കെ അഭിനയിച്ച, ലോഹിതദാസ് തിരക്കഥയെഴുതി, ഞാന്‍ സംവിധാനം ചെയ്ത, പകുതിയില്‍ നിന്നുപോയ സിനിമയാണത്. അതെന്തുകൊണ്ട് നിന്നുപോയെന്നൊന്നും ഞാന്‍ പറയുന്നില്ല. വിദ്യ ബാലനിലേക്കാണ് വരുന്നത്.

Signature-ad

മഴയെത്തും മുമ്പ് എന്ന സിനിമയുടെ ഹിന്ദി റിമേക്ക് ചെയ്തിരുന്നു. ബോംബെയിലെ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി എന്റെയടുത്ത് വന്നയാളാണ് വിദ്യ ബാലന്‍. അച്ഛനൊപ്പമാണ് വന്നത്. അദ്ദേഹം മലയാളിയാണ്, തൃശൂര്‍ക്കാരന്‍. വിദ്യ അന്ന് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

ലോഹിതദാസിന്റെയടുത്ത് വിദ്യയുടെ ഫോട്ടോ കാണിച്ചു. ലോഹിക്കും ഇഷ്ടപ്പെട്ടു. വിദ്യ ബാലനെ ഷൊര്‍ണൂരിലേക്ക് വരുത്തി. ഞാനും ലോഹിയുമാണ് വിദ്യയെ ആദ്യമായി ഒഡീഷന്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. വിദ്യയെ ചക്രത്തിലെ നായികയായി തിരഞ്ഞെടുത്തു. പൊള്ളാച്ചിയില്‍ വച്ച് ഷൂട്ടിംഗ് ആരംഭിച്ചു. 16 ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിംഗിനിടയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായി.

ഇതിനിടയില്‍ ദിലീപിനൊരു അപകടം പറ്റി. കൈ പ്ലാസ്റ്ററിട്ടു. അങ്ങനെ ഷൂട്ടിംഗ് ബ്രേക്ക് ചെയ്യേണ്ടി വന്നു. ഞങ്ങളെല്ലാവരും തിരിച്ചുപോയി. ലോഹി സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ പോയി. ആ സിനിമ പാതിവഴിയില്‍ നിന്നുപോയി. അതിനുശേഷം വിദ്യ ബാലന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയി. എന്തോ കാരണത്താല്‍ അതും മുടങ്ങി. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണില്‍ വിളിക്കുമായിരുന്നു. അതിനുശേഷം ഒരു മലയാള സിനിമയില്‍ മുകേഷിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടി. അതും മുടങ്ങിപ്പോയി.

വിദ്യ ബാലന്‍ വളരെ വിഷമിച്ച് കഴിഞ്ഞ കാലത്താണ് യാദൃശ്ചികമായി ഹിന്ദി സിനിമയില്‍ ഓഫര്‍ വന്നത്. വലിയൊരു കഥാപാത്രമായിരുന്നു. ഒറ്റ സിനിമയിലൂടെ വിദ്യ ഹിന്ദിയിലെ വലിയ താരമായി മാറി. അതും ചരിത്രമാണ്. നമുക്കെല്ലാവര്‍ക്കും അറിയാം.

പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി. വിദ്യ ടോപ്പില്‍ നില്‍ക്കുന്ന സമയത്തും ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടയില്‍ കമലാദാസിന്റെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം ഉണ്ടായി. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ് മാധവിക്കുട്ടിയുടെ ജീവിതം. അവരുടെ യഥാര്‍ത്ഥ ജീവിതമാണ് ഞാന്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചത്. മാധവിക്കുട്ടിയുടെ മക്കളുമായി ബന്ധപ്പെട്ടു. സിനിമയാക്കുന്നതിനുള്ള റൈറ്റ് വാങ്ങി.

അന്ന് വിദ്യ ബാലനായിരുന്നു എന്റെ മനസില്‍ മാധവിക്കുട്ടി. ഞാന്‍ വിദ്യയെ ബന്ധപ്പെട്ടു. നേരില്‍ കണ്ട് സംസാരിച്ചു. ഇംഗ്ലീഷ് കോപ്പി അവര്‍ക്ക് കൊടുത്തു. അവര്‍ക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് വലിയ ആഗ്രഹം.  അതിനുവേണ്ടി ബോംബെയില്‍ മലയാളം അറിയാവുന്ന ഒരു ആര്‍ട്ടിസ്റ്റിനെ കണ്ടു. അവര്‍ വിദ്യ ബാലന് ഡയലോഗൊക്കെ പറഞ്ഞുകൊടുത്തു. ഫോട്ടോഷൂട്ടൊക്കെ ചെയ്തു.എല്ലാ വര്‍ക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്.

ഷൂട്ടിംഗ് തുടങ്ങാന്‍ ആറ് ദിവസം ബാക്കിനില്‍ക്കെ വിദ്യ ബാലന്റെ മാനേജര്‍ വിളിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്നും ഷൂട്ടിംഗ് ചിലപ്പോള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്നും പറഞ്ഞു. ഞാന്‍ വിദ്യയുടെ അച്ഛനെ വിളിച്ചപ്പോള്‍ അദ്ദേഹം മകള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെറിയൊരു ടെന്‍ഷനിലായിപ്പോയി. എന്താ കാര്യമെന്ന് പറയുന്നുമില്ല.

പിറ്റേന്ന് വിദ്യ ബാലനെ വിളിച്ചു. അപ്പോള്‍ സോറി ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. തുടന്ന് ഞാന്‍ ബോംബെയില്‍ ചെന്നു. റസൂല്‍ പൂക്കുട്ടിയും ഞാനും കൂടി വിദ്യയുടെ വീട്ടില്‍ പോയി സംസാരിച്ചു. സ്‌ക്രിപ്റ്റില്‍ ചെറിയ പ്രശ്‌നം തോന്നിയെന്നും മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ വിവാദമാകില്ലേന്നൊക്കെ ചോദിച്ചു. ഒന്നുകൂടി ആലോചിക്കണമെന്നും പറഞ്ഞു.  വീണ്ടും സ്‌ക്രിപ്റ്റ് വായിച്ചു.  അപ്പോഴൊന്നും അവര്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് സോറി എനിക്ക് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മെസേജ് വന്നു.  ഇപ്പോഴും എനിക്ക് അതിന്റെ കാരണമറിയില്ല. അവര്‍ അവസാന നിമിഷം ആ പടത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ എന്റെ മുന്നില്‍ ശൂന്യതയായിരുന്നു. വിദ്യ ബാലന് വലിയൊരു തുക അഡ്വാന്‍സ് കൊടുത്തിരുന്നു. പക്ഷേ അവരത് തിരിച്ചുകൊടുത്തു,’- കമല്‍ പറഞ്ഞു.

 

Back to top button
error: