KeralaNEWS

ഇങ്ങനെ പോയാല്‍ ‘വെള്ളംകുടി മുട്ടും’; ബെവ്കോയുടെ കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നു

കൊച്ചി: ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവുമൂലം പല ഷോപ്പുകളിലെയും കൗണ്ടറുകള്‍ അടച്ചുപൂട്ടി. ജൂണ്‍ ആദ്യവാരം പുതിയ നിയമനങ്ങള്‍ നടത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചനകള്‍.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളില്‍ കൗണ്ടര്‍ എണ്ണം കുറച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ബെവ്‌കോയുടെ സെന്‍ട്രല്‍ സോണ്‍ റീജണല്‍ മാനേജറുടെ കീഴില്‍ 500 ഓളം ജീവനക്കാരാണ് 44 വില്പനശാലകളുടെ പ്രവത്തനത്തിനു വേണ്ടത്. 200 ഓളം പേരുടെ കുറവുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. വെയര്‍ഹൗസുകളില്‍ ലേബലിംഗ് ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. 60 ജീവനക്കാര്‍ വേണ്ടിടത്ത് 28 പേരാണുള്ളത്.

Signature-ad

ബെവ്കൊയില്‍ സ്റ്റാഫ് പാറ്റേണ്‍ ഭാഗികമായാണ് നടപ്പാക്കിയത്. വില്പനശാലകളില്‍ ജീവനക്കാരുടെ കൃത്യത നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. നിയമനങ്ങള്‍ പി.എസ്.സി വഴിയായതോടെ ജീവനക്കാര്‍ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്. വില്പനശാലകളുടെ ചുമതല വഹിക്കേണ്ട സീനിയര്‍ അസിസ്റ്റന്റുമാര്‍ സ്വാധീനമുപയോഗിച്ച് മാറിപ്പോയതും പരിചയക്കുറവുള്ള എല്‍.ഡി ക്‌ളര്‍ക്കുമാരും ഓഫീസ് അസിസ്റ്റന്റുമാരും ചുമതല വഹിക്കുന്നതും നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താത്തതു മൂലം നിരവധിപേര്‍ക്ക് അവസരം അവസരം നഷ്ടപ്പെടുകയുമാണ്.

അതേസമയം, ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ടെന്ന് ബെവ്‌കോ മേഖലാ അധികൃതര്‍ പറഞ്ഞു. പി.എസ്.സി വഴി പുതിയ നിയമനങ്ങളും ഡപ്യൂട്ടേഷനും ജൂണില്‍ നടത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ എംപ്‌ളോയ്മെന്റ് എക്സ്‌ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനവും നടത്താന്‍ കഴിയുന്നില്ല. പെരുമാറ്റച്ചട്ടം മാറിയാലുടന്‍ താത്കാലിക നിയമനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Back to top button
error: