CrimeNEWS

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്പെന്‍ഷന്‍, ഒളിവില്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന, കാര്‍ ഉടമ കണ്ണൂര്‍ മാടായി സ്വദേശി ഷാഹില്‍ (20) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മര്‍ദിച്ചതിനും ഉമേഷിന്റെ പേരില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു.

Signature-ad

ഉമേഷിന്റെ സഹോദരന്‍ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഷാഹില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിയത്. അതിന്റെ അടവ് മുടങ്ങിയതോടെ ഉമേഷിന്റെ നേതൃത്വത്തില്‍ കാര്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് ഡിസിപി വ്യക്തമാക്കി. ഷാഹിലിനെ സ്റ്റേഷനില്‍വച്ച് മര്‍ദിക്കുകയും ചെയ്തു. ഉമേഷ് ഒളിവിലാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

 

Back to top button
error: