എം സി കട്ടപ്പന: കലയുടെ കളരിയിൽ കരം പിടിച്ചു നടത്തിച്ച പ്രിയപ്പെട്ട പപ്പാ
കട്ടപ്പന കുടിയേറ്റ കർഷകരുടെ വിളഭൂമിയാണ്. കുരുമുളകും ഏലവും കാപ്പിയും വിളയുന്ന ഹൈറേഞ്ചിന്റെ തലസ്ഥാനം. ഈ വളക്കൂറുള്ള മണ്ണിൽ കലയും സാഹിത്യവും ഒക്കെ മെല്ലെയാണ് നാമ്പിട്ടത്. കുടിയേറ്റ കർഷകരുടെ ഭൂമികയായ കട്ടപ്പനയുടെ നാമം ലോകമെമ്പാടും കേൾവി കേൾപ്പിച്ചത് എംസി കട്ടപ്പന എന്ന നാടക കലാകാരനാണ്... നാടകരചയിതാവും തിരക്കഥാകൃത്തുമായ ജോർജ് കട്ടപ്പനയുടെ ആർദ്രമായ ഓർമ്മ
ഓർമ്മ
കെ.സി ജോർജ് കട്ടപ്പന
കലാകാരൻ സ്വയം രേഖപ്പെടുത്തുന്നതിനൊപ്പം ഒരു നാടിനെയും അടയാളപ്പെടുത്തുന്നു. ഇവിടെ പറയുന്നത് കട്ടപ്പന എന്ന മലയോര ഗ്രാമത്തെ കേരളത്തിൽ ആദ്യമായി പ്രസിദ്ധം ചെയ്ത കലാകാരനെ കുറിച്ചാണ്. എം സി കട്ടപ്പന (മങ്ങാട്ട് ചാക്കോ മകൻ ചാക്കോ) എന്ന അഭിനയ പ്രതിഭയെക്കുറിച്ച്.
ഹൈറേഞ്ചിൽ അറിഞ്ഞതും അറിയാത്തതുമായ നിരവധി കലാകാരന്മാർ ഉണ്ടെങ്കിലും കളിക്കാവിള മുതൽ മഞ്ചേശ്വരം വരെ കട്ടപ്പന എന്നൊരു പേര് ഉയർന്നു കേട്ടത് എം.സി കട്ടപ്പന എന്ന കലാകാരൻ മുഖേനയാണ്. കേരളം മുഴുവൻ അറിഞ്ഞ കട്ടപ്പനയുടെ ആദ്യത്തെ കലാകാരൻ.
എന്നോട് പലരും ചോദിക്കും: ‘നിങ്ങൾ എങ്ങനെ നാടകക്കാരനായി ‘ എന്ന്. അതിനുള്ള ഉത്തരമാണ് എംസി കട്ടപ്പന.
എൻ്റെ ഏറ്റവും അടുത്ത ചങ്ങാതി ബോബന്റെ പപ്പാ എന്ന നിലയിൽ ഞങ്ങൾ കൂട്ടുകാർക്കെല്ലാം എം സി പപ്പയായിരുന്നു, ഒപ്പം എനിക്ക് നാടക വഴികാട്ടിയും. എൻ്റെ സാഹിത്യ കുത്തിക്കുറിക്കലുകളെ പ്രോത്സാഹിപ്പിച്ച ആദ്യത്തെ വ്യക്തിയും അദ്ദേഹമായിരുന്നു. ഏതോ ഒരു ലിറ്റിൽ മാഗസിൻ കഥകൾ എഴുതാൻ പ്രോത്സാഹിപ്പിച്ചു. അതൊന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും ആ എഴുത്തിൻ്റെ ആത്മവിശ്വാസത്തിൽ ആകാശവാണി ദേവികുളം നിലയത്തിൽ കഥകൾ അവതരിപ്പിച്ചു. ആ തൻ്റേടത്തിൻ്റെ പിന്തുടർച്ചയിൽ മാതൃഭൂമിയിലേക്കും മലയാളം ഭാഷാപോഷിണി എന്നീ പ്രസിദ്ധീകരണങ്ങളിലേക്കും കഥകൾ എഴുതി എഴുതി കാത്തിരിക്കുമ്പോഴും എം.സി പറയും, ‘പരിശ്രമം തുടരട്ടെ’ എന്ന്. കഥകൾ എഴുതി എഴുതി ഞാൻ എപ്പോഴോ നാടകകൃത്തായപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിൻ്റെ വഴി തെളിഞ്ഞു വരുന്നുണ്ട്’ എന്ന്.
അങ്ങനെ 2005 ൽ പ്രൊഫഷണൽ നാടക രംഗത്ത് ആദ്യ രചന അരങ്ങിലെത്തിച്ചതും എംസി കട്ടപ്പനയുടെ പിൻബലത്തിൽ തന്നെയായിരുന്നു. നല്ല സൗഹൃദങ്ങൾക്കൊപ്പം ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്ന ഗുരുസ്ഥാനിയനായി മാറി അദ്ദേഹം.
ഒരു പ്രമുഖനാടകസമിതി എന്നെക്കൊണ്ട് നാടകം എഴുതിച്ച ശേഷം, അവസാനഘട്ടത്തിൽ ‘ഇത് പിന്നെ ചെയ്യാം. ഇപ്പോൾ സംസ്ഥാന അവാർഡ് കിട്ടിയ നാടകകൃത്തിനെ കൊണ്ട് നാടകം എഴുതിക്കാം’ എന്ന് പറഞ്ഞപ്പോൾ ആദ്യമായി ഹൃദയം നൊന്ത് ഗുരുനാഥനെ കെട്ടിപ്പിടിച്ചു കരഞ്ഞു:
“പപ്പ അവരെന്നെ മാറ്റി. ഞാൻ ഒരു മോശം നാടകകൃത്താണെന്ന് എനിക്കും തോന്നുന്നു.”
“നീ സങ്കടപ്പെടേണ്ട. ഇതൊക്കെ താൽക്കാലിക വേദനകളാ. നന്നായി വേദനിക്കണം. എങ്കിലേ നല്ല എഴുത്ത് വരൂ.”
അദ്ദേഹം അന്ന് സാന്ത്വനിപ്പിച്ചു.
അടുത്തവർഷം ഞാൻ ഒരിക്കൽ കൂടി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയ സന്തോഷത്തിൽ.
എന്നെ എഴുത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കാൻ പ്രചോദിപ്പിച്ചത് ഈ മനുഷ്യനാണ്. അവസാന കാലത്ത് ഓർമ്മകൾ നഷ്ടപ്പെട്ട് മറ്റാരെയും തിരിച്ചറിയാതെ കിടക്കുമ്പോഴും ‘നാടകം’ എന്നൊരു വാക്ക് കേട്ടാൽ അദ്ദേഹം കണ്ണൊന്നു വിടർത്തി നോക്കും.
സിനിമയും സീരിയലും നിരവധി അഭിനയിച്ചെങ്കിലും നാടകം തന്നെയായിരുന്നു അദ്ദേഹത്തിന് എല്ലാം. രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങിയ മനുഷ്യൻ…!
കട്ടപ്പനയുടെ പേര് കേരളത്തിൽ പരിചയപ്പെടുത്തിയ ആദ്യത്തെ കലാകാരൻ. അദ്ദേഹത്തിന് കട്ടപ്പനയിൽ സ്മാരകം ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ എം.സി കട്ടപ്പന എനിക്ക് നിത്യ സ്മാരകമാണ്. അങ്ങനെ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നാടക്കാരനോ എഴുത്തുകാരനോ ആകുമായിരുന്നില്ല. മറ്റൊരാളെ കൈപിടിച്ച് നടത്താൻ അദ്ദേഹം കാണിച്ച സന്മനസ്സിന് പ്രണാമം.
തന്നെ കുറിച്ചുള്ള ഓർമ്മകൾ മറ്റുള്ളവർക്ക് നൽകിയിട്ട് ഓർമ്മകൾ ഇല്ലാതെ വിട്ടുപിരിഞ്ഞ് പോയ പ്രിയപ്പെട്ട പപ്പായ്ക്ക് വിട…!