കട്ടയ്ക്കുനിന്ന കെ. സുധാകരനും കൈവിട്ടു; ‘അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടണം; രാജ്‌മോഹന്‍ ഉണ്ണിത്താന് വായില്‍ വരുന്നത് കോതയ്ക്കു പാട്ടെന്ന നിലപാട്’; പാര്‍ട്ടിയില്‍ ധാര്‍മികമായി ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ത്രീകള്‍ക്കെതിരേ ആക്രമണം തുടര്‍ന്ന് സൈബര്‍ അണികള്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പിന്തുണച്ച് നേരത്തെ രംഗത്തെതിയ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ നിലപാട് തിരുത്തി രംഗത്തെത്തി. രാഹുലിന് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ‘ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ’ എന്നും സുധാകരന്‍ വ്യക്തമാക്കി. ‘രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുത് എന്നാണ് രാഹുലിനോട് പറഞ്ഞത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ‘രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയില്ല. എനിക്ക് ഒരു വാക്കും ഒരു നാക്കുമേ ഉള്ളൂ. ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പരോക്ഷമായി തള്ളിപ്പറഞ്ഞിട്ടും സുധാകരന്‍ മാത്രമാണ് ശക്തമായ നിലപാടുമായി പിന്തുണച്ചത്. രാഹുലിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാടിലായിരുന്നു യുവതിയുടെ പരാതി വരുന്നതുവരെ സുധാകരന്‍ പറഞ്ഞിരുന്നത്. ഇതിന്റെ പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുമെന്ന രീതിയില്‍ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് യുവതിയുടെ ഏറ്റവും പുതിയ ഓഡിയോ പുറത്തുവന്നതും മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയതും.
രാഹുലിന്റെ അടുത്ത സുഹൃത്തായ ഷാഫി പറമ്പില്‍ പരസ്യമായി തള്ളിപ്പറയാതെയും മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെയും ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതിനുശേഷം ഷാഫി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. അതേസമയം, സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ അണികളുടെ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാഹുലിന് എതിരായ പോസ്റ്റിടുന്ന സ്ത്രീകളെ അടക്കം വളഞ്ഞിട്ട് തെറിവിളിക്കുകയാണ് ഇവര്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യുട്യൂബര്‍മാര്‍ക്കും ലക്ഷങ്ങള്‍ നല്‍കി അനുകൂല നിലപാട് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
അതേസമയം, സുധാകരനെ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കെ.എസ്. ഫാന്‍സും രാഹുലിന്റെ സൈബര്‍ അണികളും നടത്തുന്ന സൈബര്‍ ആക്രമണം പാരമ്യത്തിലെത്തി. സുധാകരന്റെ വിശ്വസ്തന്‍ ജയന്ത് ദിനേശ് അടക്കം കടന്നാക്രമണം നടത്തി. സുധാകരന്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിധേയനാകുകയാണ് ഉണ്ണിത്താന്‍ ഇപ്പോള്‍. ഉണ്ണിത്താന്‍ തല മറന്ന് എണ്ണ തേയ്ക്കരുതെന്നും തേച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചുതരുമെന്നുമായിരുന്നു ജയന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സദാചാര പ്രശ്‌നത്തില്‍ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരന്‍ സംരക്ഷണം ഒരുക്കിയിരുന്നു. പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല സുധാകരന്റെ സംരക്ഷണമെന്നും ജയന്ത് കുറിച്ചു. ഇതിന് സമാനമാണ് മറ്റുള്ളവരുടേയും പൊങ്കാല.
ഈ പാര്‍ട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവര്‍ത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാല്‍ അവര്‍ക്ക് കവചമായി കെ സുധാകരന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ . പി ജെ കുര്യന്‍ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ആദ്യം കവചം തീര്‍ത്തത് ഈ കെ സുധാകരന്‍ തന്നെയാണ്. ഇപ്പൊള്‍ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്. തേച്ചാല്‍ എന്തു സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചു തരും’, -ജയന്ത് ദിനേശ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് നടത്തിയത്. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. ഇരയോട് അപമര്യാദയായി പെരുമാറി. രാഹുലിന്റെ പിആര്‍ സംഘം ആക്രമണം നടത്തി. ഇരയെ മുഖ്യമന്ത്രിയുടെ മുമ്പില്‍ എത്തിച്ചത് രാഹുലാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാന്‍ രാഹുല്‍ ശ്രമിച്ചു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന്‍ ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രണം. കെ സുധാകരന്റെ ഫാന്‍സിനെ കെ എസ് ഫാന്‍സ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലുടനീളം സുധാകരന് ഫാന്‍സുണ്ട്. ഇത് വീണ്ടും തെളിയുകയാണ് ഈ സംഭവത്തിലൂടെ.






