തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം തവണകളായി നല്‍കാന്‍ ആലോചന. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതാണ് കാരണം. തുക ട്രഷറിയിലേക്ക് മാറ്റി ആകര്‍ഷകമായ പലിശ നല്‍കാമെന്നും അത്യാവശ്യക്കാര്‍ക്ക് തവണകളായി വിതരണം ചെയ്യാമെന്നും കണക്കുകൂട്ടുകയാണ് സര്‍ക്കാര്‍.
ട്രഷറി ഇടപാടുകള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി 22ന് എത്തുന്നതോടെ തീരുമാനമെടുക്കും. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയാണ് മറ്റൊരു പോംവഴി. യുവജനങ്ങളുടെ എതിര്‍പ്പു മൂലം അത് നടക്കാത്തകാര്യമാണ്. പെന്‍ഷന്‍പ്രായം കൂട്ടിയാല്‍ വന്‍ സാമ്പത്തിക ബാദ്ധ്യത തത്കാലം ഒഴിവാക്കാനാകും.
വിരമിക്കല്‍ ആനുകൂല്യം മരവിപ്പിച്ചുനിറുത്തിയാല്‍ നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാന്‍ ആലോചിക്കുന്നത്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശികയായി നല്‍കാനുള്ള 22500 കോടിയും ശമ്പളപരിഷ്‌ക്കരണ കുടിശികയായ 15000കോടിയും സാമ്പത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും കിട്ടിയിട്ടില്ല.
വരുമാനവര്‍ദ്ധനവിനായി ഒരു പദ്ധതിയും സര്‍ക്കാരിന് മുന്നിലില്ല. കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
വിഷുവും റംസാനും പ്രമാണിച്ച് രണ്ടു ഗഡു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക നല്‍കിയെങ്കിലും അത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലേത് ആയിരുന്നു. അതിനുശേഷമുള്ള ആറുമാസത്തേത് കൊടുത്തിട്ടില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.