പട്‌ന: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍. ബിഹാറിലെ സമസ്തിപുരില്‍ ശനിയാഴ്ചയാണ് സംഭവം. പരിശോധനക്കെതിരെ കോണ്‍?ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു.
പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് വക്താവ് രാജേഷ് റാത്തോര്‍ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘രാഹുല്‍ ഗാന്ധിക്ക് പിറകെ ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’ – രാജേഷ് റാത്തോര്‍ പറഞ്ഞു.
എന്‍.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തില്‍ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. അത്തരം വിവരങ്ങള്‍ പരസ്യമാക്കണം. അല്ലാത്തപക്ഷം അത് പ്രതിപക്ഷ നേതാക്കളെ തടയാന്‍ ലക്ഷ്യമിടുന്നുവെന്നും എന്‍.ഡി.എ നേതാക്കളെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും രാജേഷ് റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.