IndiaNEWS

കേരളത്തില്‍ അക്കൗണ്ട് തുറക്കും; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ പത്തുമുതല്‍ 12 വരെ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടുമെന്നും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇത്തവണ എന്‍.ഡി.എക്ക് 400 സീറ്റ് എങ്ങനെ സാധ്യമാവുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനമാറ്റാനാണ് ബി.ജെ.പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍.ഡി.എയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അത് ചെയ്തില്ല. പത്തുവര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടകാര്യമാണ്, അത് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Signature-ad

”ഏകസിവില്‍കോഡ് വലിയ പരിഷ്‌കരണമാണ്. ഉത്തരാഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കലും നടപ്പാകാന്‍ പോകാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റേത്. അതുകൊണ്ടാണ് അതിനെ ഞങ്ങള്‍ ചൈനീസ് ഗ്യാരന്റിയെന്ന് പറയുന്നത്. അവര്‍ക്ക് എന്തും പറയാം. എന്നാല്‍, അത് അവര്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കാണിക്കേണ്ടിയിരുന്നു”- അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് എന്തും പറയാം. മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്നതാണ് അദ്ദേഹം പറയുന്നത്. ഹവായ് ചെരുപ്പിനും ബ്രാന്‍ഡഡ് ഷൂസിനും ഒരേ നികുതി ഏര്‍പ്പെടുത്തണമെന്നാണോ അദ്ദേഹം പറയുന്നതെന്നും ജി.എസ്.ടി. സംബന്ധിച്ച വിമര്‍ശനത്തോട് അമിത് ഷാ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടിലെ നിലപാടില്‍ പുനഃപരിശോധന നടത്തേണ്ട് സുപ്രീംകോടതിയാണ്. ബദല്‍ ഏര്‍പ്പെടുത്താതെ ഏത് നയവും ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: