KeralaNEWS

മന്ത്രി വിദേശത്ത്; പിടിവാശിയില്‍ സര്‍ക്കാരും ഡ്രൈവിങ് സ്‌കൂളുകാരും, കുടുങ്ങിയത് അപേക്ഷകര്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നോ വിട്ടുവീഴ്ചയ്ക്ക് നീക്കമില്ല. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്തായതിനാല്‍ സമവായചര്‍ച്ചയ്ക്കും വഴിതെളിഞ്ഞിട്ടില്ല. ഒരാഴ്ചകഴിഞ്ഞേ മന്ത്രി തിരിച്ചെത്തൂ. ബുധനാഴ്ചകളില്‍ ചില ആര്‍.ടി. ഓഫീസുകളില്‍മാത്രമാണ് ടെസ്റ്റുണ്ടാകുക. പ്രതിഷേധത്തെത്തുടര്‍ന്ന് അതും നടന്നില്ല.

വ്യാഴാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടാനാണ് സാധ്യത. സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ടെസ്റ്റിനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം കാരണം 25,000 പേരുടെ അവസരമെങ്കിലും നഷ്ടമായിട്ടുണ്ട്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യത്തിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് രൂക്ഷമായ എതിര്‍പ്പുള്ളത്. നേരത്തേ നിശ്ചയിച്ചിരുന്ന 30-ല്‍നിന്ന് 40-ആയി ഉയര്‍ത്തിയിട്ടും സ്‌കൂള്‍ ഉടമകള്‍ തൃപ്തരല്ല.

Signature-ad

അവസരം കിട്ടാന്‍ വൈകുമെന്ന പരാതി അപേക്ഷകര്‍ക്കുമുണ്ട്. ദിവസം നാലോ അഞ്ചോ പേരെ ടെസ്റ്റിന് എത്തിച്ചാല്‍മാത്രമേ ഡ്രൈവിങ് സ്‌കൂളുകാര്‍ക്ക് ലാഭകരമാകുകയുള്ളൂ. ടെസ്റ്റുകളുടെ എണ്ണം കുറച്ചപ്പോള്‍ ഒരു സ്‌കൂളില്‍ പരിശീലിക്കുന്നവരില്‍ ഒന്നോ രണ്ടോപേര്‍ക്കുമാത്രമാണ് അവസരം ലഭിക്കുന്നത്. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇവരുമായി ടെസ്റ്റിങ് ഗ്രൗണ്ടില്‍ കാത്തുനില്‍ക്കേണ്ടിവരുമെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍ പരാതിപ്പെടുന്നു.

എന്നാല്‍, മന്ത്രി ഇടപെട്ട് നിശ്ചയിച്ച പ്രതിദിന ടെസ്റ്റുകളുടെ എണ്ണം പുതുക്കിനിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയില്ല. ഫലത്തില്‍ തര്‍ക്കം നീളാനാണ് സാധ്യത. ഏകദേശം ഒമ്പതുലക്ഷംപേര്‍ ലേണേഴ്‌സെടുത്ത് അവസരം കാത്തിരിക്കുന്നുണ്ടെന്നാണ് ഡ്രൈവിങ് സ്‌കൂളുകളുടെ സംഘടനകള്‍ അവകാശപ്പെടുന്നത്. ദിവസം 6000-7000 പേര്‍ക്കാണ് ലൈസന്‍സ് ടെസ്റ്റ് നടന്നിരുന്നത്.

റോഡ് ടെസ്റ്റില്‍ അപേക്ഷകരുടെ ഡ്രൈവിങ് മികവ് പൂര്‍ണമായും വിലയിരുത്തുന്നത് ഉദ്യോഗസ്ഥന്‍ നേരിട്ടാണ്. ഏറെ വിവേചനാധികാരമാണുള്ളത്. ഡ്രൈവിങ് സ്‌കൂളുകളുമായി കൂട്ടുചേര്‍ന്ന് പരമാവധി പേരെ വിജയിപ്പിക്കുന്നുണ്ട്.

അതേസമയം, മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയും ഉയരും. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Back to top button
error: