CrimeNEWS

സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണയെന്നും സിബിഐ കുറ്റപത്രം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സിബിഐ. സമൂഹവിചാരണയ്ക്കു വിധേയനാക്കി. സിദ്ധാര്‍ഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും കാണാന്‍ മറ്റു വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി. മര്‍ദ്ദനത്തിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളി താഴെയിട്ടു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു.

ഡോര്‍മിറ്ററിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അപമാനിക്കലും മര്‍ദനവും സിദ്ധാര്‍ത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കുറ്റവിചാരണ നടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ച്ചയായി മര്‍ദനമേറ്റ സിദ്ധാര്‍ത്ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളായ അഖില്‍, കാശിനാഥന്‍, അമീന്‍ അക്ബറലി, അരുണ്‍, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അമല്‍ ഇഹ്‌സാന്‍, അജയ്, അല്‍ത്താഫ്, സൗദ് റിസാല്‍, ആദിത്യന്‍, മുഹമ്മദ് ഡാനിഷ്, റെഹാന്‍ ബിനോയ്, ആകാശ്, അഭിഷേക്, ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ താന്നിക്കോട്, നസീഫ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനല്‍ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകള്‍, റാഗിങ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: