KeralaNEWS

വാക്‌സിനുകള്‍ സുരക്ഷിതം, ആശങ്കകള്‍ അനാവശ്യം

തിരുവനന്തപുരം: കൊവീഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്നത് ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന മരുന്ന് കമ്പനിയായ ആസ്ട്രാസെനെകയുടെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ദ്ധനായ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. ആസ്ട്രാസെനെക വിപണനം ചെയ്യുന്ന കൊവിഷീല്‍ഡ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചത്.

ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലാണ് വാക്സിന്റെ അടിസ്ഥാനഗവേഷണം നടത്തിയത്. അതിനാല്‍, വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രാസെനെകയ്ക്ക് യോഗ്യത ഇല്ലെന്നും ഫീല്‍ഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് കമ്പനി ചെയ്തിട്ടുള്ളതെന്നും ഡോ.ബി.ഇക്ബാല്‍ പറഞ്ഞു.

വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കാന്‍ അപൂര്‍വമായ സാദ്ധ്യതയാണുള്ളത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയും കൊവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകള്‍ക്കും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. കൊവിഡനന്തര അവസ്ഥയുടെ (പോസ്റ്റ് കൊവിഡ് കണ്ടിഷന്‍) ഭാഗമായി രക്തക്കട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം). പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവയുള്ള പ്രായമായവരിലാണ് ഇത് കൂടുതലും കാണുന്നത്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കൊവിഡ് വന്നിട്ടുണ്ടാകാം. ചിലരെ രോഗലക്ഷണമില്ലാതെ കൊവിഡ് ബാധിച്ചേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

വാക്‌സിനുകള്‍ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷപ്പെട്ടിട്ടും ആന്റി വാക്‌സേഴ്‌സ് എന്നറിയപ്പെടുന്ന വാക്‌സിന്‍ വിരുദ്ധര്‍ ഇപ്പോഴും സജീവമാണ്. ചില അര്‍ബുദങ്ങളെ പോലും പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ പ്രയോഗിക്കുന്നുണ്ട്. എച്ച്.ഐ.വി /എയ്ഡ്സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കാനും ഗവേഷണം നടക്കുകയാണ്.

 

Back to top button
error: