ബംഗളൂരു: ലൈംഗികാരോപണം നേരിടുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥിയും നിലവിലെ സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നാണ് വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു.
2021 ല്‍ ഹാസന്‍ നഗരത്തിലെ തന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തതായാണ് 44 കാരിയുടെ പരാതി. സഹകരിച്ചില്ലെങ്കില്‍ തന്നെയും ഭര്‍ത്താവിനെയും കൊന്നുകളയുമെന്ന് പ്രജ്വല്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും 2021 ജനുവരി 1 നും 2024 ഏപ്രില്‍ 25 നും ഇടയില്‍ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി പരാതിലുണ്ട്.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി രേവണ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.രേവണ്ണയുടെ വീട്ടില്‍ ആറുവര്‍ഷം ജോലിക്കാരിയായി ജോലി ചെയ്തയാളെയാണ് കാണാതെന്നാണ് പരാതി.
അതേസമയം, ലൈംഗികാതിക്രമക്കേസില്‍പ്പെട്ട് രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണക്കെതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രജ്വല്‍ രേവണ്ണ അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയാണ് എസ് ഐ ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ അന്വേഷണം വൈകിപ്പിച്ച് രക്ഷപ്പെടാന്‍ കര്‍ണ്ണാടക സര്‍ക്കാന്‍ അവസരമൊരുക്കിയെന്ന് ബി.ജെ.പി പറയുന്നു.