KeralaNEWS

തെളിയിച്ചത് എണ്ണിയാല്‍ ഒടുങ്ങാത്ത ക്രിമിനല്‍ കേസുകള്‍; ഇടുക്കി ജില്ലാ പൊലീസിലെ സൂപ്പര്‍മാന്‍ എസ്.ഐ: സജിമോന്‍ ജോസഫ്

ഇടുക്കി: നീണ്ട 31 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിടയിറങ്ങി എസ് ഐ സജിമോന്‍ ജോസഫ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വി ആര്‍ എസ് എടുത്ത് സ്വയം സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു സജിമോന്‍

സ്വന്തം ശരീരത്തേയേം കുടുംബത്തെയും മറന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ എന്നും ഒരത്ഭുതതോടെയാണ് നോക്കി കണ്ടിരുന്നത്. ഇടുക്കി ജില്ലയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ഏതെങ്കിലും ഒരു ക്രൈം കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ തൊട്ട് പിറകെ എസ് ഐ സജിമോന് കോള്‍ വന്നിരിക്കും. ഒടുവില്‍ ആ പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടിവരുന്നതുവരെ സജിക്ക് വിശ്രമമില്ല.

Signature-ad

1993 ഫെബ്രുവരി ഒന്നിന് കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോന്‍ ജോസഫിന്റെ (54) ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. അവിടുന്ന് തുടങ്ങി 31 വര്‍ഷവും നാല് മാസവും നീണ്ട സര്‍വ്വീസ് അവസാനിപ്പിച്ചത് കമ്പംമേട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിട്ടാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിലെ അംഗമായിരുന്നു സജി. മോഷണ കേസുകളായിരുന്നു കൂടുതലായും കൈകാര്യം ചെയ്തിരുന്നത്.
ഭാര്യ അജിയും മക്കളായ അലീന, അഖില്‍ എന്നിവരും അടങ്ങുന്നതാണ് സജിയുടെ കുടുംബം.

കേരളത്തിലെ പ്രമാദമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കുകയും നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കുകയും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഇദ്ദേഹം 2014ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടുകയും നിരവധി തവണ ബാഡ്ജ് ഓഫ് ഓണര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും ഇടുക്കിയുടെ സമീപ ജില്ലകളില്‍ നിന്നും പോലീസുദ്യോഗസ്ഥര്‍അന്വേഷണത്തിനും മറ്റുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എസ് ഐ സജി മോനെ ആണ്.

2011 ല്‍ ശാസ്താംമല മേപ്പാറയില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച കേസ് വളരെ തന്ത്രപൂര്‍വമാണ് സജിമോന്‍ അടങ്ങിയ സംഘം തെളിയിച്ചത്. ഒരു കൊച്ചു കുട്ടിയില്‍ നിന്ന് വളരെ തന്ത്രപൂര്‍വ്വമായാണ് അദ്ദേഹം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഒപ്പം പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞു.

വണ്ടന്‍മേട്ടില്‍ പതിനാറുകാരിയെ സഹോദരിയുടെ ഭര്‍ത്താവ് കടത്തികൊണ്ട് പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പുരോഹിതന്റെ വേഷമണിഞ്ഞായിരുന്നു സജിമോന്‍ പ്രതിയെ പിടികൂടിയത്.

2010 ല്‍ വണ്ടിപ്പെരിയാറില്‍ നടന്ന മോഷണ പരമ്പര കേസില്‍ സജിമോനും സംഘവുമായിരുന്നു പ്രതിയെ പിടികൂടിയത്. മൊബൈല്‍ കടയില്‍ നിന്നും മോഷണം പോയ ഫോണിലെ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് ഇവര്‍ പ്രതികള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പട്ടുമലയിലെ എസ്റ്റേറ്റ് വീട്ടിലെത്തി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വളരെ തന്ത്രപൂര്‍വമാണ് പ്രതികളെ നാട്ടിലെത്തിച്ച് പിടികൂടിയത്.

ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി 30 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയും ഇത്തരത്തില്‍ തന്ത്രപൂര്‍വ്വമായാണ് ഇവര്‍ പിടികൂടിയത്.

2017ല്‍ നോട്ട് നിരോധനത്തിന് ശേഷം ഇടുക്കിയില്‍ പിടികൂടിയ ഏറ്റവും വലിയ കള്ളനോട്ട് കേസില്‍ തുമ്പുണ്ടാക്കിയതും സജിമോനും സംഘവുമായിരുന്നു. 2017ല്‍ നടന്ന ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയിലും സമൂഹത്തില്‍ ഉന്നതര്‍ പ്രതി പട്ടികയില്‍ വന്നിട്ടും പ്രതികളെ പതറാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിലും സജിമോന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യം എടുത്ത് പറയേണ്ടതാണ്.

 

Back to top button
error: