മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോര്‍ (ജിമ്മന്‍ കിച്ചു-25) പിടിയില്‍. പരപ്പനങ്ങാടിയില്‍ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ജിമ്മന്‍ കിച്ചുവെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 200ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.