IndiaNEWS

ആം ആദ്മി സഖ്യത്തിലും കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തിലും അതൃപ്തി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലവ്ലി സ്ഥാനം രാജിവെച്ചു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യതീരുമാനമടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി.

പി.സി.സിയുടെ നിര്‍ദേശങ്ങള്‍ ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വീറ്റോചെയ്യുന്നുവെന്ന് ഖാര്‍ഗെക്ക് എഴുതിയ കത്തില്‍ അര്‍വിന്ദര്‍ സിങ് ലവ്ലി ആരോപിച്ചു. ഡല്‍ഹിയില്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേയും ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേയും സ്ഥാനാര്‍ഥികള്‍ തീര്‍ത്തും അപരിചിതരാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Signature-ad

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി കൂടുതല്‍ വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങള്‍ നിരത്തി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ഡല്‍ഹി മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു. ഇത് പ്രദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദര്‍ സിങ് ലവ്ലി കത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തെ സംരക്ഷിക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലവ്ലി കത്ത് അവസാനിപ്പിക്കുന്നത്.

Back to top button
error: