തൃശൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ താല്‍ക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാര്‍ അധീനതയിലാകും.
ഇതോടൊപ്പം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയെന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹര്‍ജിയും കോടതി തള്ളി. ഏകദേശം 200 കോടി രൂപയുടെ സ്വത്താണു സര്‍ക്കാര്‍ കൈവശമാകുക.
കേസില്‍ കൂടുതല്‍ പരാതിക്കാര്‍ രംഗത്തുവരുന്നതു തടയാനാണു പ്രതികള്‍ തുടക്കംമുതല്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇതു മണി ചെയിന്‍ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്കു മുന്നില്‍ കൂടുതല്‍ പരാതിക്കാര്‍ വരും.
കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ സമയോചിതമായ ഇടപെടലാണു ബഡ്‌സ് നിയമപ്രകാരം ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള ആസ്തി കണ്ടുകെട്ടിയത്. വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെയുണ്ട്.