തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതാക്കള്‍ വെളിപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്.
തന്റെ ഫ്‌ളാറ്റില്‍ ജാവഡേക്കര്‍ എത്തിയിരുന്നെന്ന് ഇ.പി.ജയരാജന്‍ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാന്‍ ജാവഡേക്കര്‍ തയാറായില്ല. പലരോടും താന്‍ ചര്‍ച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
രഹസ്യചര്‍ച്ചകള്‍ ചോരുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള പ്രാഥമിക ആലോചനയില്‍നിന്നുപോലും മറ്റു പാര്‍ട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജന്‍ സംഭവമെന്നാണു നേതൃത്വത്തില്‍ പലരുടെയും വിലയിരുത്തല്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്.
അതേസമയം, ഇന്നലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി.ജയരാജന്‍ തയാറായില്ല. തളിപ്പറമ്പില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതൊഴിച്ചാല്‍ മറ്റു പരിപാടികളിലും പങ്കെടുത്തില്ല.