CrimeNEWS

ഓവര്‍ സ്പീഡ്, ചോദ്യംചെയ്തു; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പാക് യുവതി

ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തി നേടുന്നതിന് വേണ്ടി പല തരത്തിലുള്ള നിയമ ലംഘനങ്ങളാണ് യുവാക്കള്‍ ഇന്ന് ചെയ്യുന്നത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിയമ സംവിധാനങ്ങള്‍ക്കുപോലും വില കൊടുക്കാത്ത ഇങ്ങനെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ഇത്തരത്തിലുള്ള ഒരു പാകിസ്ഥാനി വ്‌ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കാറില്‍ അമിതവേഗത്തില്‍ യാത്ര ചെയ്തതിന് തടഞ്ഞുവച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് യുവതി തട്ടിക്കയറുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. കാറിനുള്ളിലിരുന്ന ഉറക്കെ ദേഷ്യത്തില്‍ സംസാരിക്കുന്ന ഇവര്‍ സമീപത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Signature-ad

കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമാബാദിലെ ഒരു ടോള്‍ ബൂത്തിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥനെ അമിത വേഗത്തില്‍ കാറോടിച്ച് ഇടിച്ചിട്ട യുവതിക്ക് പിന്നാലെ പൊലീസ് വാഹനവും കുതിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

മൂന്ന് ദിവസം മുമ്പ് സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനോടകം അറുപതിനായിരത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപേര്‍ യുവതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അഹങ്കാരത്തിന്റെ പ്രതീകമാണ് ഈ യുവതി എന്നാണ് ചിലര്‍ പറഞ്ഞത്. ഉദ്യോഗസ്ഥന് നേരെ വധശ്രമം നടത്തിയ യുവതിക്കെതിരെ കേസെടുക്കണം. ‘അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ എപ്പോഴും പണം ആവശ്യപ്പെടുന്ന പൊലീസുകാര്‍ക്കെതിരെയും കേസെടുക്കണം’, എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

 

Back to top button
error: