IndiaNEWS

മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍; അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ

മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി അഹമ്മദാബാദ് ഐഐഎമ്മില്‍ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ.ഈ  കത്തിനെ പിന്തുണച്ച് 93 മുൻ സിവില്‍ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്തയച്ചു.എന്നിട്ടും അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ.

മുസ് ലിംകള്‍ക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

Signature-ad

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രില്‍ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തില്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ട്.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമർശം മാതൃകാ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

പ്രധാനമന്ത്രി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളർത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമർശത്തിന്റെ പേരില്‍ നടപടി എടുക്കാൻ കഴിയില്ല. അങ്ങനെ നടപടിയെടുത്താല്‍ അത് പ്രചാരണത്തിന് സ്ഥാനാർഥികള്‍ക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷൻ വിലയിരുത്തി.

ഏപ്രില്‍ ഒൻപതിന് ഉത്തർപ്രദേശിലെ പിലിഭിത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ കുറിച്ച്‌ നടത്തിയ പരാമർശം മാതൃക പെരുമാറ്റ ചട്ട ലംഘനമാ ണെന്ന് ആരോപിച്ചാണ് കമ്മിഷന് പരാതി ലഭിച്ചത്.

Back to top button
error: