പ്രാദേശിക കോണ്‍ഗ്രസ് ഓഫീസിന് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കുറി അമേത്തിക്ക് റോബർട്ട് വദ്രയെ വേണമെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
മെയ് 20നാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അമേത്തി ഗാന്ധി കുടുംബത്തിന്റെ സീറ്റായാണ് അറിയപ്പെടുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർ അമേത്തിയില്‍ നിന്ന് വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിച്ചുവെങ്കിലും അമേത്തിയില്‍ പരാജയപ്പെടാനായിരുന്നു വിധി.
അതേസമയം മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള താല്‍പര്യം റോബർട്ട് വദ്ര നേരത്തെ പ്രകടിപ്പിച്ചിരുന്നു. സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലൂടെയുണ്ടായ തെറ്റ് തിരുത്താൻ അമേത്തി ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്നും റോബർട്ട് വദ്ര പറഞ്ഞിരുന്നു.