IndiaNEWS

രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് മോദി;ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്.

ന്യായ് പത്രയില്‍ എവിടെയാണ് ‘ഹിന്ദു, മുസ്ലീം’ എന്നിങ്ങനെ പരാമർശിച്ചിട്ടുള്ളതെന്ന് കാണിച്ചുതരാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരുന്നാണ് ഇത്തരത്തില്‍ മോദി നുണപ്രചരിപ്പിക്കുന്നതെന്നും കോണ്‍‍ഗ്രസ് കുറ്റപ്പെടുത്തി.

‘തിരഞ്ഞെടുപ്പില്‍ ജയിക്കാൻ വേണ്ടി നിങ്ങള്‍ ഹിന്ദു-മുസ്ലിം എന്ന പേരില്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രകടനപത്രികയില്‍ മുസ്ലീം, ഹിന്ദു എന്നിങ്ങനെ എന്തെങ്കിലും വാക്ക് ഉണ്ടെങ്കില്‍ കാണിച്ചു തരാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ഈ വെല്ലുവിളി സ്വീകരിക്കുക അല്ലെങ്കില്‍ നുണ പറയുന്നത് അവസാനിപ്പിക്കുക’, കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ജയിക്കുമെന്ന് മനസിലാക്കിയ പ്രധാനമന്ത്രി വർഗീയ പ്രസംഗം നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. സംഘപരിവാർ-ബിജെപി മൂല്യങ്ങളില്‍ നിന്നാണ് നരേന്ദ്ര മോദി ഇത് പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇത്രമാത്രം തരംതാണിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക എല്ലാവർക്കും വേണ്ടിയുള്ളതാണ്. ‘, ഖാർഗെ എക്സില്‍ കുറിച്ചു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷമുണ്ടായ നിരാശയും ഭയവും കാരണമാണ് മോദി ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘യഥാർത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഈ വിഷയങ്ങള്‍ മുൻനിർത്തി രാജ്യം വോട്ട് രേഖപ്പെടുത്തും. ജനങ്ങള്‍ തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴി തെറ്റില്ല’, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

അധികാരം ലഭിച്ചാല്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വർഗീയ പരാമർശം. ‘തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോള്‍, രാജ്യത്തെ സ്വത്തിൻ്റെ ആദ്യ ഉടമസ്ഥാവകാശം മുസ്ലീങ്ങള്‍ക്കാണെന്നാണ് അവർ പറഞ്ഞത്. എല്ലാവരുടെയും സ്വത്ത് ശേഖരിച്ച ശേഷം, കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ക്ക് അവർ അത് വിതരണം ചെയ്യും എന്നാണ് ഇതിനർത്ഥം. അവർ അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ? ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അമ്മമാരേ, സഹോദരിമാരേ ഈ അർബൻ നക്സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല’, രാജസ്ഥാനില്‍ മോദി പറഞ്ഞു.

Back to top button
error: