KeralaNEWS

തൃശൂരില്‍ പൂരം കലക്കിയത് കമ്മിഷണര്‍; പ്രശ്നം സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്, കസേര തെറിച്ച

തൃശ്ശൂര്‍: പൂരത്തിന് സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ കമ്മിഷണറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ സൂചനയാണെന്നു കരുതുന്നു.

തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കമ്മിഷണറുടെ കര്‍ക്കശ നിലപാട് സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കി. പൂരത്തിന് ഏറെ വിയര്‍പ്പൊഴുക്കിയ പോലീസുകാരും പഴികേള്‍ക്കേണ്ടിവന്നു. പൂരം ദിവസം നടത്തിയ ലാത്തിച്ചാര്‍ജ് അകാരണമായിരുന്നെന്നും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. അങ്കിത് അശോകന്‍ കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ ലാത്തിച്ചാര്‍ജ് നടത്തിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്

Signature-ad

പൂരം നാളുകളില്‍ വന്‍കിട ഹോട്ടലുകളില്‍ പോലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളില്‍ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്.

പൂരത്തിന് പോലീസ് മോശമായി പെരുമാറിയില്ലെന്ന പോലീസിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍. പൂരനഗരി നിറയെ സി.സി.ടി.വി. ഉണ്ടായിരുന്നെന്നും അതിലൊന്നിലും പോലീസിന്റെ മോശം പെരുമാറ്റം കണ്ടെത്താനായില്ലെന്നുമാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് അറിയിച്ചത്. എന്നാല്‍, പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍തന്നെ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. പൂരത്തിന് ആനകള്‍ക്കു നല്‍കാന്‍ കൊണ്ടുവന്ന പനമ്പട്ടയും കുടമാറ്റത്തിനുള്ള കുടയും സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിലുള്ള വിമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ നിലച്ചിട്ടില്ല. സിറ്റി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പൂരപ്രേമികളുടെ വിമര്‍ശനം തുടരുകയാണ്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായതിലെ പ്രതിഷേധവും ശക്തമാണ്.

പോലീസ് പൂരം അലങ്കോലമാക്കിയെന്ന ആക്ഷേപത്തിനുപിന്നാലെ രണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശനന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ സ്ഥലംമാറ്റി. പരാതികള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബിനോടും നിര്‍ദേശിച്ചു. സ്ഥലം മാറ്റപ്പെട്ട ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

 

 

Back to top button
error: