ജറുസലേം: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍ മന്ത്രി. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനില്‍ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങള്‍ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കുകയും അനുയോജ്യമായ സമയത്ത് ഇറാനില്‍ നിന്നുള്ള വില കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്യും- ബെന്നി ഗാന്റ്‌സ് പറഞ്ഞു.
ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് നേരത്തെ ഇറാന്‍ പ്രതികരിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുവെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിനെതിരേയുള്ള ആക്രമണമെന്നായിരുന്നു ഞായറാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹി പറഞ്ഞത്. വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇറാനിന്റെ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.